കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിന് ജയിലിൽ ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാൻ ലഭ്യമാക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവദിച്ചു. കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്നും ഇതു കുറയ്ക്കാൻ തനിക്ക് ഇംഗ്ളീഷ് പുസ്തകങ്ങൾ വായിക്കാൻ ലഭിക്കണമെന്നും സുമിത് ഗോയൽ അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടിരുന്നു. പുസ്തകങ്ങൾ സുമിത് ഗോയലിന്റെ ചെലവിൽ വാങ്ങി നൽകണമെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. 10,000 രൂപയുടെ ഇംഗ്ളീഷ് പുസ്തകങ്ങൾ മൂവാറ്റുപുഴ സബ് ജയിലിനു വാങ്ങി നൽകാമെന്ന് സുമിതിന്റെ വക്കീൽ അറിയിച്ചു. തുടർന്നാണ് ഇതനുവദിച്ചത്. പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിന്റെ കരാർ എടുത്ത ആർ.ഡി.എസ് പ്രൊജക്ട്സിന്റെ എം.ഡിയായ സുമിത് ഗോയൽ അഴിമതിക്കേസിൽ ആഗസ്റ്റ് 30 മുതൽ ജയിലിലാണ്. കടുത്ത മാനസിക സംഘർഷമാണ് നേരിടുന്നതെന്നും ഇതു കുറയ്ക്കാൻ പുസ്തകങ്ങൾ സഹായിക്കുമെന്നും സുമിതിന്റെ അപേക്ഷയിൽ പറയുന്നു. തനിക്ക് ജയിലിൽ കൂടുതൽ സന്ദർശകരെ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്ചയിൽ രണ്ടു തവണ മാത്രമേ സന്ദർശരെ അനുവദിക്കാൻ വ്യവസ്ഥയുള്ളൂവെന്ന് ജയിൽ സൂപ്രണ്ട് വിശദീകരിച്ചു. സന്ദർശന സമയത്തിന്റെ കാര്യത്തിൽ ജയിൽ സൂപ്രണ്ടിന് തീരുമാനമെടുക്കാമെന്നതിനാൽ ജയിൽ നിയമങ്ങൾ പാലിച്ച് കൂടുതൽ സമയം നൽകുന്ന കാര്യം പരിഗണിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.