കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൈബർ ഡോമിന്റെ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തുടങ്ങുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. സി.എം.എഫ്.ആർ.ഐയിൽ സൈബർ ഡോമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും സൈബർ ഡോം നീരീക്ഷണം നടത്തും. സാമൂഹിക മാധ്യമങ്ങൾ, മറ്റ് ഓൺലൈൻ സംവിധാനങ്ങൾ എന്നിവ നിരീക്ഷണ വിധേയമാക്കും. ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും എണ്ണം വർധിച്ചുവരികയാണ്. അത്യാധുനികമായ ടെക്‌നോളജിയാണ് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് സൈബർ ഡോമിന്റെ ലക്ഷ്യമെന്ന് വിജയ് സാഖറെ പറഞ്ഞു.

സൈബർ ക്രൈമിനെതിരെ ബോധവത്കരണത്തിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് സൈബർ സെക്യൂരിറ്റി ക്ലബുകൾ ആരംഭിക്കും. 125 സ്‌കൂളുകളിൽ ക്ലബ് ഉടൻ ആരംഭിക്കും. ഈ സ്‌കൂളുകളിൽ മാസത്തിൽ ഒരു ദിവസം സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തും. ജനമെത്രി പൊലീസിന്റെ മാതൃകയിലും ബോധവത്കരണ ക്ലാസുകൾ നടത്തും.

കൊച്ചി സിറ്റി പൊലീസിന് കീഴിൽ സൈബർ ഡോം തുടങ്ങുന്നതിന്റെ ആദ്യ ഘട്ടമെന്നോണം എത്തിക്കൽ ഹാക്കേഴ്‌സ് സിറ്റി പൊലീസുമായി കൈകോർക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങാണ് നടന്നത്. 25 ഓളം എത്തിക്കൽ ഹാക്കേഴ്‌സ് ചടങ്ങിൽ പങ്കെടുത്തു. സൈബർ സുരക്ഷ, സൈബർക്രൈം അന്വേഷണം എന്നിവയിൽ ഇവരുടെ സഹായം പൊലീസിന് ലഭിക്കും. സൈബർ ഡോം വൊളന്റിയർമാരായി 500 പേർ ഇപ്പോൾ തന്നെ തയാറായിട്ടുണ്ട്. ഇൻഫോപാർക്കിലാകും സൈബർ ഡോം പ്രവർത്തിക്കുക. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി. പി.എൻ. രമേശ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.