മൂവാറ്റുപുഴ: വാഴക്കുളം കല്ലൂർക്കാട് ജംഗ്ഷനിലെ ഫെഡറൽ ബാങ്ക് എ.ടി.എം കൗണ്ടറിലെ മെഷീൻ ഇളക്കി എടുത്ത് 50 മീറ്ററോളം അകലെ കൊണ്ടുപോയി മോഷണ ശ്രമം നടത്തിയ കേസിലെ പ്രതി അസാമിൽ പിടിയിൽ.
മുഖ്യ പ്രതി ജഹുറുൽ ഇസ്ലാം (19) ആണ് വാഴക്കുളം പൊലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് ആണ് കേസ് അന്വേഷണം നടത്തിയത്.
എസ്.ഐ വിനു.വി, എ.എസ്.ഐമാരായ രാജേഷ്.കെ.കെ, മാത്യു അഗസ്റ്റിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാർ.ജെ എന്നിവരായിരുന്നു സംഘത്തിൽ.
മുഖ്യപ്രതി തൃശൂർ ജില്ലയിലെ ആനമല, എറണാകുളം ജില്ലയിലെ വെങ്ങോല, വാഴക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ചിരുന്നു. മോഷണ ദിവസം തന്നെ ട്രെയിനിൽ അസാമിന് പോയി. പെരുമ്പാവൂരിലാ മൊബൈൽ കടയിൽ നിന്നും മൊബൈൽ ഫോണുകളും മറ്റും വാങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അഞ്ച് പ്രതികൾ ചേർന്നാണ് മേഷണം നടത്തിയത്.