പറവൂർ: പഴയകാല ബാലെ,നാടക കലാകാരൻ ആറുതെങ്ങിൽ വീട്ടിൽ മൂത്തകുന്നം ബാബു(72) മടപ്ലാതുരുത്തിൽ നിര്യാതനായി. 1970 മുതൽ ഇരുപത് വർഷത്തോളം ബാലെ, നാടകരംഗത്ത് സജീവമായിരുന്നു. കൊടുങ്ങല്ലൂർ ഉമാമഹേശ്വരി ട്രൂപ്പിലെ കർണകിയും കനകചിലമ്പും എന്ന ബാലെയിൽ പന്ത്രണ്ടോളം കഥാപാത്രങ്ങളെ ഒരേ വേദിയിൽ ഒറ്റയ്ക്ക് അവതരിപ്പിച്ച് റെക്കോർഡിട്ടിരുന്നു.ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചക്കോ സംവിധാനം ചെയ്ത നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉണ്ണിയാർച്ച, കടൽപാലം, മല്ലനും മതേവനും തുടങ്ങി ഇരുപതോളം പഴയകാല വടക്കൻപാട്ടുമായി ബന്ധപ്പെട്ട സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശാരംഗപാണിയുടെ മലയാള കലാഭവൻ ബാലെ ട്രൂപ്പ്, അടൂർ ജയാ തിയറ്റേഴ്‌സിന്റെ നാടകങ്ങൾ ഉൾപ്പെടെ അക്കാലത്ത് നിരവധി പ്രൊഫഷനൽ നാടകങ്ങളിലും ഇദ്ദേഹം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.സ്വന്തമായി കഥയെഴുതി വില്ലടിച്ചാൻപാട്ട് പഠിപ്പിച്ചിരുന്നു. പ്രമാദമായ ഇടപ്പിള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ള പരേതനായ പേണേക്കര കൃഷ്ണൻകുട്ടിയുടെ മകനാണ്. ഭാര്യ: നന്ദിനി. മക്കൾ: മിഥുൻബാബു, മിഥിലാബാബു. മരുമക്കൾ: വിഷ്ണു വിജയൻ, രാജി