കുട്ടമ്പുഴ : ആദിവാസികളും പിന്നാക്കക്കാരും താമസിക്കുന്ന കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കണമെന്ന രണ്ടു പതിറ്റാണ്ടു പിന്നിട്ട ആവശ്യത്തിന് പുല്ലുവില. കോളേജ് ആരംഭിക്കാൻ സർക്കാർ നിയോഗിച്ച മൂന്ന് സമിതികളുടെ ശുപാർശയും മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുമുണ്ട്. പണമില്ലെന്ന പേരിൽ കുട്ടമ്പുഴയെ അവഗണിക്കുന്ന അധികാരികൾ മറ്റിടങ്ങളിൽ കോളേജുകൾ ആരംഭിക്കുകയും ചെയ്തു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വനത്തോട് ചേർന്നാണ് കുട്ടമ്പുഴ പഞ്ചായത്ത്. മണിക്കൂറുകൾ യാത്ര ചെയ്താലേ കോളേജിൽ പോകാൻ കുട്ടമ്പുഴ നിവാസികൾക്ക് കഴിയൂ. ഇതുമൂലം ആദിവാസിക്കുട്ടികൾ ഉന്നത പഠനം ഉപേക്ഷിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിച്ചാൽ കുട്ടമ്പുഴ, കീരമ്പാറ,

പിണ്ടിമന, നേര്യമംഗലം ഇടുക്കി ജില്ലയിലെ മാങ്കുളം, അടിമാലി പഞ്ചായത്ത് നിവാസികൾക്കും പഠനസൗകര്യം ലഭിക്കും.

കോളേജിനായി കുട്ടമ്പുഴ ഗ്രാമ വികസന സമിതിയും ആക്ഷൻ കമ്മിറ്റിയും ശ്രമം തുടങ്ങിയിട്ട് ഇരുപത് വർഷം കഴിഞ്ഞു.

ഹൈക്കോടതിയിൽ കേസുമുണ്ട്. സഹകരണ മേഖലയിൽ എയ്ഡഡ് കോളേജെങ്കിലും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് കഴിഞ്ഞ മാസവും സമിതി നിവേദനം നൽകി.

# സമിതി ശുപാർശകളിൽ നിന്ന്

• പൂയംകുട്ടി പദ്ധതിയ്ക്ക് നിർമ്മിച്ച 16 കെട്ടിടങ്ങളിൽ 5 എണ്ണം കോളേജിന് തുടക്കത്തിൽ ഉപയോഗിക്കാം.

• ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ ക്ളാസുകൾ ആരംഭിക്കാം.

• കെട്ടിടഫണ്ട് അനുവദിക്കാൻ എം.പിയും എം.എൽ.എയും ത്രിതല പഞ്ചായത്തുകളും തയ്യാറാണ്.

• മൂന്നു ബാച്ചിന് സൗകര്യങ്ങൾ ഒരുക്കാൻ പത്തു ലക്ഷം രൂപ ചെലവ് മതി.

• അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കോളേജ് ആരംഭിക്കാൻ 30 ലക്ഷം രൂപ മതി.

# സ്ഥലങ്ങൾ മൂന്നിടത്ത്

• പഞ്ചായത്തിൽ അഞ്ചേക്കർ റവന്യൂ പുറമ്പോക്ക് ഭൂമി.

• ഞായപ്പിള്ളിൽ റോഡരുകിൽ ജലസേചന വകുപ്പിന്റെ പത്തരയേക്കർ.

• ഉരുളൻതണ്ണിക്ക് സമീപം പന്തപ്ര കോളനിയിൽ പൊതുവികസനത്തിന് മാറ്റിവച്ച 26 ഏക്കറിലെ അഞ്ച് ഏക്കർ.

# മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

• കുട്ടമ്പുഴയിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കാൻ നടപടി സ്വീകരിക്കണം.

• അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ ആദിവാസികൾക്കും ഉന്നതപഠനത്തിന് കോളേജ് സഹായകമാകും.

# കോളേജിലെത്താൻ

• കോതമംഗലം എം.എ കോളേജ് : 22 കിലോമീറ്റർ

• മൂവാറ്റപുഴ നിർമ്മല കോളേജ് : 36 കിലോമീറ്റർ

• മണിമലക്കുന്ന് സർക്കാർ കോളേജ് : 60 കിലോമീറ്റർ

# കുട്ടമ്പുഴ

കോതമംഗലം താലൂക്ക്

റിസർവ് വനമേഖലയോട് ചേർന്ന്

ജനസംഖ്യ : 15,000 ലധികം

# ആദിവാസികളെ കൈയൊഴിയുന്നു

പണമില്ലെന്ന പേരിലാണ് കുട്ടമ്പുഴയിൽ കോളേജ് അനുവദിക്കാൻ സർക്കാരുകൾ തയ്യാറാകാത്തത്. വൈപ്പിനിലും പൂപ്പാറയിലും തിരൂരിലും സർക്കാർ പുതിയ കോളേജുകൾ അനുവദിച്ചു. ആദിവാസികളും പിന്നാക്കക്കാരും പഠിച്ചു നന്നാകേണ്ടെന്നാണ് അധികാരികളുടെ നിലപാട്.

ഷാജി പയ്യാനിക്കൽ

പ്രസിഡന്റ്

കുട്ടമ്പുഴ ഗ്രാമ വികസന സമിതി