കാലടി: പാതിവഴിയിൽ എത്തി നിൽക്കുന്ന ശബരി റെയിൽവേയുടെ കാലടി ചെങ്ങലിലെ റെയിൽവേ സ്റ്റേഷനും,
പെരിയാറിന്റെ മറുപുറമായ താന്നിപ്പുഴയിലെ പെരുമറ്റത്തെ പാലത്തിന്റെ വാലറ്റവും സാമൂഹ്യ വിരുദ്ധരുടെകേളിരംഗമായി.പെരിയാർ നദിയുടെ കുറുകെ ഏകദേശം 650 മീറ്റർ നീളത്തിൽ പണിത പാലമാണ് തലവേദനയാകുന്നത്. ആർക്കും ഈ പാലത്തിന്റെ വാലറ്റത്ത് കൂടി പാലത്തിലേക്ക് കയറാം. പുഴയുടെ സൗന്ദര്യം ആസ്വദിക്കാം. എത്ര നേരം വേണമെങ്കിലും ഇവിടെ ചെലവഴിക്കാം. സാമൂഹ്യവിരുദ്ധർ പാലത്തിന്റെ സ്പാനുകൾക്കുള്ളിലെ അറകളാണ് രഹസ്യ കേന്ദ്രമാക്കി മാറ്റിയത് . സിറിഞ്ച്, സിഗരറ്റ് കുറ്റികൾ, തീപ്പെട്ടി, ഒഴിഞ്ഞമദ്യ-ബിയർ കുപ്പികൾ, പലതരം മിഠായ് പൊതികൾ, സിപ് അപ് കവറുകൾ, ഇംഗ്ലീഷ് മരുന്ന് കവറുകൾഎന്നിവ ഇതിനകത്ത് കാണാം. കേരളത്തിൽ കിട്ടാത്തമുന്തിയ തരം കുപ്പികൾ ഇവിടെ കാണാറുണ്ട്. സംഘങ്ങളായി വൈകിട്ടോടെ എത്തുന്നവർ രാത്രി ഏറെ വൈകിയാണ് പോകുക.കമിതാക്കളും ഇവിടെ എത്താറുണ്ട്. ഷാൾ കൊണ്ടുംഹെൽമറ്റ് കൊണ്ടും മുഖം മറച്ചാണ് ഇവരുടെ വരവ് .അപരിചിതരായ യുവാക്കൾക്കൊപ്പം സ്കൂൾ യൂണിഫോമിലും പെൺകുട്ടികളെ കാണാം.
പാലത്തിലെ ഉള്ളറ ബാറിനേക്കാൾ സുഖകരം
സാമൂഹ്യ വിരുദ്ധ സംഘം പാലത്തിന്റെ കാട് നിറഞ്ഞ ഒറ്റയടി പാതയിലൂടെ താഴേക്ക് ഇറങ്ങി ഒരാൾക്ക് മാത്രം പ്രവേശിക്കാവുന്ന ഇടനാഴിയിലൂടെ പാലത്തിന്റെ താഴെയെത്തും. ഇവിടെ എത്തിയാൽ രണ്ടരയടി ഉയരത്തിലുള്ള സ്പാനിന്റെ ഉള്ളറകളിലേക്ക് അൽപ്പം ആയാസപ്പെട്ടാൽ പ്രവേശിക്കാം. ദീർഘചതുരാകൃതിയിലുള്ള ക്യൂബിൽ എയർകണ്ടീഷൻ പ്രതീതിയാണ് , ആറടി ഉയരവും, നാല് മീറ്ററോളം വീതിയുമുള്ള ഈ ഉള്ളറകൾ പാലത്തിന്റെ മുഴുവൻ നീളത്തിലുമുണ്ട്.ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങൾ ഇതിനകത്ത് കാണാം.