ആലുവ: രാജ്യത്തെ ബാങ്കുകൾ വായ്പാ പലിശ നിരക്ക് കുറയ്ക്കാൻ തയ്യാറാകണമെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് അഭിപ്രായപ്പെട്ടു. ഫെഡറൽ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ (എഫ്.ബി.ഒ.എ) ദേശീയ സമ്മേളനം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായ്പയെടുത്ത് വ്യവസായങ്ങൾ തുടങ്ങിയാൽ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയാണ്. 12 ഉം 13 ഉം ശതമാനത്തിൽ നിന്നു പലിശ മൂന്നോ നാലോ ശതമാനമായി കുറയ്ക്കാൻ ബാങ്കുകൾ തയ്യാറാകണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ബാങ്കുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന പോലെ ഇപ്പോഴും ദരിദ്രരും സമ്പന്നരും തമ്മിലുള്ള അകലം കുറയ്ക്കാനായിട്ടില്ല. അത് കൂടി വരികയാണ്. സ്വകാര്യ മേഖല കുതിച്ചു വളർന്നപ്പോൾ പൊതുമേഖല തകർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അസോസിയേഷൻ പ്രസിഡന്റ് ജെനീബ് ജെ. കാച്ചപ്പിളളി അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ, ഡി.ടി. ഫ്രാങ്കോ, കെ.പി. ബേബി, ജി.ആർ. ജയകൃഷ്ണൻ, ഇ.എ. ഐസക്, പി. മാത്യു ജോർജ്, കെ.ടി. തോമച്ചൻ, എം.പി. അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.
മുൻ ജനറൽ സെക്രട്ടറി പി.വി. മാത്യുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിശിഷ്ട സാമൂഹ്യ സേവകനുളള പുരസ്‌കാരം മൂക്കന്നൂർ സ്വദേശി ജോസ് ഞാളിയത്തിന് സമ്മാനിച്ചു. ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുന്ന പോൾ മുണ്ടാടന് യാത്രഅയപ്പ് നൽകി.