കൊച്ചി : ശിഷ്യരും കലാസാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്ന് പ്രൊഫ.എം.കെ. സാനുവിന്റെ പിറന്നാൾ ലളിതമായി ആഘോഷിച്ചു. ആശംസകളും പ്രാർത്ഥനകളും ആദരവുമായി നിരവധിപേർ കാരിക്കാമുറി റോഡിലെ വസതിയിലെത്തി.
അർഹമായതിൽ അധികം ഈ സമൂഹം എനിക്ക് തിരിച്ചു നൽകി എന്ന മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ വരികൾ ഉദ്ധരിച്ചാണ് സാനുമാഷ് 93 മത് പിറന്നാൾദിനത്തിലെത്തിയവരെ സ്വീകരിച്ചത്. ഇത്രയുംകാലം ജീവിച്ചിരിക്കുമെന്നും ജീവിച്ച കാലമത്രയും പൊതുസമൂഹത്തോടൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞുവെന്നതും ഭാഗ്യമായി കരുതാനാണ് തനിക്കിഷ്ടമെന്ന് അദ്ദേഹം പറഞ്ഞു.
മഹാകവി കാളിദാസ സാംസ്‌കാരിക വേദി, ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്‌മെന്റ് എന്നിവ സംയുക്തമായാണ് പിറന്നാൾ ആഘോഷിച്ചത്. സാനുമാഷ് കേക്ക് മുറിച്ച് എല്ലാവർക്കും നൽകി, എറണാകുളം കരയോഗം വക പാലടയും നൽകി.
കൊച്ചി മേയർ സൗമിനി ജെയിൻ, പി.ടി. തോമസ് എം.എൽ.എ., നവദമ്പതികളായ അർജുൻ, ഗായത്രി എന്നിവരും ആശംസകൾ നേരാനെത്തി. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു
ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ, പി. രാമചന്ദ്രൻ, സി.ജി. രാജഗോപാൽ, സി.ഐ.സി.സി. ജയചന്ദ്രൻ, ഡോ. എൻ.കെ. സനിൽകുമാർ, എൻ.വി .മുരളി എന്നിവർ സംസാരിച്ചു. മുൻ എം.പി. ചാൾസ് ഡയസ്, ഒൗഷധി ചെയർമാൻ ഡോ.കെ.ആർ. വിശ്വംഭരൻ, ടി.ബി. മിനി, കുരുവിള മാത്യൂസ്, കുമ്പളം രവി, ഷാജി ജോർജ്, അബ്ദുൾ റഹിമാൻ തോപ്പിൽ, എ.ബി. ജയൻ, കെ.എം. റിയാസ് എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ സാനുവിന്റെ ഭാര്യ രത്നമ്മ സാനു, മക്കളായ രഞ്ജിത്ത്, ഹാരിസ്, പേരക്കുട്ടി രോഹൻ എന്നിവർ സംബന്ധിച്ചു.