# വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥർ

# നിർമ്മാതാക്കളെ ഇരയാക്കി

കൊച്ചി: മരടിൽ ഫ്ളാറ്റുകൾ പൊളിക്കേണ്ടിവന്ന സാഹചര്യങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഫ്ളാറ്റ് വിഷയം സർക്കാർ കൈകാര്യം ചെയ്തത് മുൻവിധിയോടെയാണെന്നും ക്രെഡായ് ഭാരവാഹികൾ ആരോപിച്ചു.

പൊളിക്കുന്ന എല്ലാ ഫ്ളാറ്റുകൾക്കും തദ്ദേശ സ്ഥാപനം നൽകിയ നിയമപ്രകാരമുള്ള കെട്ടിന നിർമ്മാണ പെർമിറ്റുകളുണ്ട്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി സെക്രട്ടറിമാരാണ് ബിൽഡിംഗ് പെർമിറ്റിനുള്ള അപേക്ഷ തീരദേശ പരിപാലന അതോറിട്ടി ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ഏജൻസികൾക്ക് കൈമാറേണ്ടത്. മുനിസിപ്പാലിറ്റിയും പഞ്ചായത്തുമാണ് വീഴ്ചകൾ വരുത്തിയത്.

2018 നവംബർ 27 നാണ് മരട് സി.ആർ.ഇസഡ് രണ്ടിലാണോ മുന്നിലാണോ ഉൾപ്പെടുന്നതെന്ന് പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് സാങ്കേതിക ഉപസമിതി രൂപീകരിച്ചു. മരട് സി.ആർ.ഇസഡ് മൂന്നിലാണെന്ന് തെറ്റായി രേഖപ്പെടുത്തിയ തീരദേശ പരിപാലന അതോറിട്ടിയുടെ രണ്ടംഗങ്ങളും കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു. ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേൾക്കാനോ നോട്ടീസ് നൽകാനോ ഉപസമിതി തയാറായില്ലെന്ന് ക്രെഡായ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

# തട്ടിക്കൂട്ട് പ്ളാനെന്ന്

1997 ൽ ചീഫ് സെക്രട്ടറിയായിരുന്ന സി.പി നായർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടും 2007 ൽ മരട് മുനിസിപ്പാലിറ്റി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും മരട് സി.ആർ.ഇസഡ് രണ്ടിൽ ഉൾപ്പെടുന്നതായാണ് രേഖപ്പെടുത്തിയത്.

സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി 1996 ൽ സംസ്ഥാന സർക്കാർ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും കോസ്റ്റൽ അതോറിട്ടിയുടെയും പിടിപ്പുകേടിന് ഫ്ളാറ്റുടമകൾ ബലിയാടാക്കപ്പെട്ടു. സർക്കാർ സംവിധാനങ്ങളുടെ പിടിപ്പുകേട് മൂലമുണ്ടായ നിയമലംഘനം നിർമ്മാതാക്കളുടെ നിയമലംഘനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. സി.ആർ.ഇസഡ് നോട്ടിഫിക്കേഷനിലെ അവ്യക്തതകൾ, കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം, അടിക്കടി ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, നോട്ടിഫിക്കേഷനിലെ വ്യാഖ്യാനങ്ങളിൽ വന്ന മാറ്റങ്ങൾ, ഓരോ സമയത്തും ജുഡീഷ്യറി സ്വീകരിച്ച വ്യത്യസ്ത വ്യാഖ്യാനങ്ങൾ എന്നിവയാണ് പൊളിക്കലിലേയ്ക്ക് നയിച്ചത്.

# 23 വർഷമായിട്ടും തെറ്റ് തിരുത്തിയില്ല
1996 ലെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് പ്ലാനിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടിയ തെറ്റുകൾ 23 വർഷമായിട്ടും തിരുത്തിയിട്ടില്ല. അവ്യക്തതകളും തെറ്റുകളും നിറഞ്ഞ പ്ലാനിന്റെ പേരിൽ മരടിലെ ഫ്‌ളാറ്റുകൾ നിയമലംഘനമെന്ന് പറയാൻ കഴിയില്ല. ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അതോറിട്ടികളും വരുത്തിയ വീഴ്ചകളുടെ പേരിൽ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നത് നീതികേടാണ്. സർക്കാർ സംവിധാനങ്ങളുടെയും അതോറിട്ടിയുടെ അജ്ഞത മൂലവും നിർമ്മാതാക്കൾ ഇരയാക്കപ്പെടുകയാണ്.

# പൊളിക്കൽ ഒഴിവാക്കാം

മരട് വിഷയം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ ക്രെഡായ്ക്ക് അതൃപ്തിയുണ്ട്. സർക്കാർ ഇനി വിചാരിച്ചാലും ഫ്‌ളാറ്റുകൾ പൊളിക്കുന്നത് തടയാൻ കഴിയും. റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയാറാകണം.