തോപ്പുംപടി: ഒരു ശക്തമായ മഴ പെയ്താൽ കൊച്ചി മുങ്ങും.വാഹനങ്ങളുടെ എഞ്ചിനുകളിൽ വെള്ളം കയറുന്നതോടെ കാറ്, സ്ക്കൂട്ടറുകളും മറ്റു വാഹനങ്ങളും പെരുവഴിയിൽ.ഈ അവസ്ഥ തുടർന്നാൽ മഴക്കാലത്ത് ജനങ്ങൾക്ക് വീടുകളിൽ പോലും സ്വൈര്യമായി ഇരിക്കാൻ കഴിയാത്ത അവസ്ഥ.കൊച്ചിൻ കോർപ്പറേഷൻ അധികാരികളുടെ പിടിപ്പ് കേട് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നത്. വർഷാവർഷം കാനശുചീകരിക്കുന്നതിനും തോടുകൾ വൃത്തിയാക്കുന്നതിനും ലഭിക്കുന്ന കോടികൾ വകമാറ്റി ചെലവഴിക്കുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.കൊച്ചിയിലെ പല കാനകളും വൃത്തിയാക്കിയിട്ട് പത്ത് വർഷത്തിനു മേലായി. സ്ളാബ് മാറ്റി കാന വൃത്തിയാക്കൽ ചടങ്ങാണെന്നാണ് നഗരസഭാംഗങ്ങൾ പറയുന്നത്. ഒരു ചെറിയ മഴക്ക് കൊച്ചിയും പടിഞ്ഞാറൻ കൊച്ചിയും മുങ്ങുന്ന അവസ്ഥയാണ്. ഓര് വെള്ളം വീടുകളിലേക്ക് അടിച്ചു കയറുന്നതോടെ ജനങ്ങൾക്ക് ആഹാരം പാകം ചെയ്യുവാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ കഴിയാത്ത സ്ഥിതിയാണ്. പടിഞ്ഞാറൻ കൊച്ചിയിലെ പല വീടുകളും ഇപ്പോഴും വേലിയേറ്റ വെളളം മൂലം ദുരിതമനുഭവിക്കുകയാണ്.
#കെ.എൽ.സി.എ രംഗത്ത്
ഓരോ ഡിവിഷനുകളിലും കാനയുടെയും തോടിന്റെയും അവസ്ഥ വളരെ പരിതാപകരമാണ്. അശാസ്ത്രീയമായ കാന നിർമ്മാണവും വെള്ളക്കെട്ടിന് കാരണമായി. നിഷ്ക്രിയ പ്രതിപക്ഷവും പ്രതികരണമില്ലായ്മയും ഇതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് കെ.എൽ.സി.എ.ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.
# പ്രതിഷേധവുമായി റസിഡൻസ് അസാ.
കാനകോരൽ ഇപ്പോൾ വഴിപാടായി മാറിയിരിക്കുകയാണ്. മഴക്കാലം തുടങ്ങുന്നതിനു മുൻപേ കൊച്ചിയിലെ എല്ലാ കാനകളും തോടുകളും വൃത്തിയാക്കിയാൽ കൊച്ചി മുങ്ങുന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നാണ് റസിഡൻസ് അസാസിയേഷൻ ഭാരവാഹികൾ പറയുന്നത്.
#പരാതി നൽകിയിട്ടും പരിഹാരമില്ല
മലിനജലം വീടുകളിലേക്ക് കടക്കുന്നതിനാൽ കുട്ടികൾക്ക് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനും സാഹചര്യം ഒരുക്കുന്ന സ്ഥിതിയാണ്. നാട്ടുകാർ ഡിവിഷൻ കൗൺസിലർക്കും എം.എൽ.എക്കും കൊച്ചി കോർപ്പറേഷനും പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അധികാരികൾ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെടണമെന്ന്സി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.