കൊച്ചി : എല്ലാവരേയും ഒന്നായിക്കണ്ട് മനുഷ്യരെ ഉത്തമമായ ആദർശത്തിലേക്ക് നയിക്കുന്നതാണ് ശ്രീനാരായണ ദർശനമെന്ന്എഴുത്തുകാരനും അദ്ധ്യാപകനുമായ പ്രൊഫ. എം.കെ. സാനു പറഞ്ഞു. സ്നേഹവും വിശ്വാസവും നന്മയും ലാളിത്യവും നിറഞ്ഞ മനസ്സോടെ ലോകത്തെ കാണാനാണ് ഗുരുദേവൻ പഠിപ്പിച്ചത്. വ്യവസായം തുടങ്ങി പണം ഉണ്ടാക്കണമെന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. എന്നാൽ നേരായ വഴിയിൽ വ്യവസായം തുടങ്ങി പണം ഉണ്ടാക്കാനാണ് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത്. സഹോദരൻ അയ്യപ്പൻ ഗുരുദേവന് കണ്ടപ്പോൾ തനിക്ക് ദെെവത്തിൽ വിശ്യാസമില്ലെന്ന് പറഞ്ഞു. എന്നാൽ ഗുരുദേവൻ മറുപടി പറഞ്ഞത് നിന്റെ ഓരോ പ്രവൃത്തിയിലും ദെെവികതയുണ്ടെന്നാണ്.. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും നന്മയുണ്ടാകണം. മനുഷ്യരെ ചൂഷണം ചെയ്യുന്ന നിലപാടിനെതിരായാണ് താനെന്നും നിലകൊണ്ടിട്ടുള്ളതെന്ന് എം.കെ.സാനുപറഞ്ഞു.
ആഗോളവൽക്കരണത്തിന്റെ പേരിൽ ഇന്ത്യയെ കമ്പോളവൽക്കരിക്കാനാണ് ചിലരുടെ ശ്രമം. സ്നേഹവും, കരുണയും, വിനയവും, ദയയും പങ്കുവെയ്ക്കുന്നതാകണം ആഗോളവൽക്കരണമെന്നാണ് തന്റെ കാഴ്ചപ്പാട്.
മലയാള സാഹിത്യശാഖയിൽ വിമർശനത്തിന്റെ കാറ്റും വെളിച്ചവും കടത്തിവിട്ട എം.കെ.സാനുമാസ്റ്റർക്ക് തൊണ്ണൂറ്രി രണ്ടാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ശ്രീനാരായണ സേവാ സംഘം നൽകിയ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ഗീതാ സുരാജ് മുഖ്യപ്രഭാഷണം നടത്തി. എം.എ.(സംഗീതം) പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ കുമാരി ശ്രുതിയെ ചടങ്ങിൽ മെമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി.രാജൻ സ്വാഗതവും ഡോ. ടി.എൻ.വിശ്വംഭരൻ നന്ദിയും പറഞ്ഞു. പിറന്നാളിന് സേവാസംഘം പായസദ്യയും ഒരുക്കിയിരുന്നു.