# ആഘോഷത്തുടക്കം നാളെ

വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി സ്‌കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദിയാഘോഷം നാളെ (ബുധൻ) ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ റഷീദലി ഷിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി, എസ്. ശർമ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ. യുജീവൻമിത്ര, കെ.ഐ. അബ്ദുൽ റഷീദ് എന്നിവർ പങ്കെടുക്കും.

ചരിത്രഗവേഷകനും കൊച്ചിൻ യൂണിവേഴ്‌സിറ്റി രജിസ്ട്രാറുമായിരുന്ന ഡോ.സി.കെ. കരീം സ്‌കൂളിലെ മുൻ അദ്ധ്യാപകനായിരുന്നു.കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലറായിരുന്ന ഡോ.എൻ.എ കരീം, സിനിമാതാരങ്ങളായ സിദ്ദീഖ്, മജീദ്, തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ തിരക്കഥാകൃത്തും അഭിനേതാവുമായ ഡിനോയ് പൗലോസ്, വയലിനിസ്റ്റും പിന്നണി ഗായികയുമായ കെ.ആർ. രൂപ, ഇന്ത്യയുടെ ആർട്ടിക്ക് പര്യവേഷണ സംഘത്തലവൻ ഡോ. മുഹമ്മദ് ഹാത്ത, മുൻ അഡീഷണൽ അഡ്വ. ജനറൽ അബ്ദുൽ ജലീൽ, മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അബ്ദുൽ റഷീദ് തുടങ്ങിയവർ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളാണ്.

വാർഷികാഘോഷങ്ങളുടെ ഭാഗമായി എച്ച്.ഐ.എച്ച്.എസ്.എസ് ഗ്ലോബൽ അലൂമ്‌നി മീറ്റ്, വിദ്യാഭ്യാസ സമ്മേളനം, മാദ്ധ്യമസെമിനാർ, വനിതാസമ്മേളനം, സാംസ്‌കാരിക സമ്മേളനം എന്നിവയും തുടർന്ന് നടത്തുമെന്ന് സ്‌കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയ്യൂബ്, സംഘാടകസമിതി ജനറൽ കൺവീനർ പി.കെ. അബ്ദുൽ റസാഖ്, സ്‌കൂൾ പ്രിൻസിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.എ ഇല്ല്യാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.