കൊച്ചി: കൊച്ചി മെട്രോയ്ക്ക് കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽനിന്ന് മറൈൻ ഡ്രൈവ്‌ ബോട്ടുജെട്ടി വഴി ജോസ് ജംഗ്ഷനിലേക്ക് എത്തിച്ചേരുന്ന ഇടലൈനും സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കൊച്ചിയിൽ 'ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ്' സംഘടിപ്പിച്ച അതിവേഗ റെയിൽ പദ്ധതിയുടെ അവതരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപ്പാതയെ കാക്കനാട്ടെ നിർദ്ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ എന്നറിയപ്പെടുന്ന അതിവേഗപ്പാതയെ മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് നഗരത്തിൽ എളുപ്പം എത്താനാകും.

സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ റെയിൽവെയുടെയും സംയുക്ത സംരംഭകമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) ആണ് സിൽവർ ലൈൻ പാത നടപ്പാക്കുന്നത്. അതിവേഗ റെയിൽപ്പാതയുടെ അവതരണം കെ.ആർ.ഡി.സി.എൽ എം.ഡി വി. അജിത് കുമാർ നടത്തി. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിനു പത്തു പ്രധാന സ്റ്റേഷനുകളിലേക്ക് 27 ഫീഡർ സ്റ്റേഷനുകൾ വിഭാവനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 1200 ഹെക്ടർ മാത്രമായിരിക്കും പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ആകാശ സർവേയുടെ അടിസ്ഥാനത്തിൽ അലൈൻമെന്റ് തീരുമാനിക്കും. സർവേക്കുള്ള അനുമതി പ്രതിരോധമന്ത്രാലയം നൽകി. ആകെ ചെലവിൽ 34,454 കോടി വായ്‌പയിലൂടെ സമാഹരിക്കുമെന്ന് അജിത് കുമാർ പറഞ്ഞു.

ജില്ലാ കളക്ടർ എസ്. സുഹാസ്, ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് പ്രസിഡന്റ് എസ്. ഗോപകുമാർ, സെക്രട്ടറി ഷിർളി ചാക്കോ എന്നിവരും സംസാരിച്ചു.

അതിവേഗ റെയിൽപാത

 66,079 കോടി രൂപ ചെലവ്

 അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും

 മണിക്കൂറിൽ 200 കിലോമീറ്റർ വേഗത

 കിലോമീറ്ററിന് 2.75 രൂപ നിരക്ക്

നൂറു ശതമാനം ഹരിതമാനദണ്ഡം പാലിച്ചാകും നിർമ്മാണം. കോൺക്രീറ്റ്, ഉരുക്ക് എന്നിവ പുനരുപയോഗിക്കും. തറ നിരത്തുന്നതിന് നിർമ്മാണാവശിഷ്ടങ്ങൾ ഉപയോഗിക്കും. തിരുവനന്തപുരം മുതൽ തിരൂർ വരെ പുതിയ അലൈൻമെന്റിലൂടെയാകും പാത കടന്നുപോകുന്നത്. തിരൂർ മുതൽ നിലവിലുള്ള പാതയ്ക്ക് സമാന്തരമായും. എല്ലാ 500 മീറ്ററിലും റോഡിനായി അടിപ്പാതകൾ ഉണ്ടാകും.