കോലഞ്ചേരി: റേഷൻ മഞ്ഞ കാർഡുള്ള അനർഹർക്ക് ചുവപ്പ് കാർഡ് കാണിച്ചു തുടങ്ങി. അനർഹരായവർക്ക് മഞ്ഞ കാർഡ് സ്വയം സമർപ്പിക്കാൻ ഒരവസരം കൂടി സിവിൽ സപ്ളൈസ് വകുപ്പ് അനുവദിക്കുന്നുണ്ട്. കണ്ടുപിടിക്കപ്പെടും മുമ്പ് കാർഡുമായി സപ്ലൈസ് ഓഫീസിൽ കാർഡ് സറണ്ടർ ചെയ്യാം

റേഷൻ വാങ്ങുന്നവരിൽ ഏറ്റവും താഴെയുള്ളവരാണ് അന്ത്യോദയ, അന്നയോജന കാർഡുകാരായ എ.എ വൈ മഞ്ഞകാർഡുകാർ

ഇവരെ കൂടാതെ പൊതുവിഭാഗം (സബ്‌സിഡി) കാർഡുകളും കൈവശം വച്ചു റേഷൻ വാങ്ങുന്നവർക്കെതിരായ നടപടിയും തുടങ്ങിയിട്ടുണ്ട്. ഇത്തരം കാർഡുകൾ സറണ്ടർ ചെയ്യാനുള്ള കാലാവധി മൂന്നു മാസം മുമ്പ് അവസാനിച്ചിരുന്നു.

കൈപ്പ​റ്റിയ സാധനങ്ങളുടെ വിപണി വില ഈടാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികളുണ്ടാകും.

റേഷൻ കട ഉടമകളും, പൊതുജനങ്ങളും നൽകുന്ന വിവരങ്ങൾ വച്ചാണ് ക്രമക്കേട് കണ്ടെത്തുന്നത്. എ.എ.വൈ കാർഡുകാർക്ക് പ്രതിമാസം 30 കിലോ അരിയും, 5 കിലോ ഗോതമ്പും 1 കിലോ പഞ്ചസാരയും ലഭിക്കും. ഇതാണ് അനർഹർ കൈക്കലാക്കുന്നത്.

അനർഹർ ആരൊക്കെ
• നാലുചക്ര വാഹനം സ്വന്തമായുള്ളവർ .
• കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിനു മുകളിൽ ഭൂമിയുള്ളവർ
• മാസ കുടുംബ വരുമാനം 25,000 രൂപയിൽ കൂടുതൽ ഉള്ളവർ
• ആദായ നികുതി അടയ്ക്കുന്നവർ
• 1000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ.
• സർക്കാർ, പൊതുമേഖല ജീവനക്കാർ, സർവീസ്‌ പെൻഷൻകാർ.