നവംബർ അഞ്ചിനകം വെള്ളക്കെട്ട് ഒഴിവാക്കണം

ഹർജി നവംബർ അഞ്ചിന് വീണ്ടും പരിഗണിക്കും

സ്വന്തം ലേഖകൻ

കൊച്ചി: തൃപ്പൂണിത്തുറയിൽ പാണ്ടിപ്പറമ്പ് തോട് കൈയേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി വെള്ളക്കെട്ടിൽ കഴിയുന്ന പ്രദേശവാസികളുടെ പ്രശ്നത്തിൽ ഹൈക്കോടതി ഇടപെടുന്നു. മുട്ടറ്റം വെള്ളത്തിൽ കഴിയേണ്ടി വരുന്നതു ചൂണ്ടിക്കാട്ടി സമീപവാസിയായ എം.കെ. മഹീന്ദ്രൻ ഉൾപ്പെടെ അഞ്ചുപേർ നൽകിയ ഹർജിയിൽ നവംബർ അഞ്ചിന് മുമ്പ് തൃപ്പൂണിത്തുറ നഗരസഭ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിട്ടു. പാണ്ടിപ്പറമ്പ് തോട് കൈയേറി കെട്ടിടം നിർമ്മിച്ചതോടെ നീരൊഴുക്കു നിലച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. ഹർജിയിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാത്തതെന്തുകൊണ്ടെന്ന് വിശദീകരിച്ചു സത്യവാങ്മൂലം നൽകാൻ ജൂലായ് 29 ന് നഗരസഭയോടു നിർദ്ദേശിച്ചെങ്കിലും ഇതുവരെ നൽകിയില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. തോട് പൂർവ സ്ഥിതിയിലാക്കാൻ എന്തു നടപടികൾ സ്വീകരിക്കാനാവുമെന്ന് വ്യക്തമാക്കാൻ തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഹർജി പരിഗണിച്ചപ്പോൾ നഗരസഭ പത്തു ദിവസവും തദ്ദേശ ഭരണ വകുപ്പ് രണ്ടാഴ്ചയും സമയം തേടി. തുടർന്ന് നവംബർ 15 നകം ഇരുകൂട്ടരും സത്യവാങ്മൂലം നൽകാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

#അഡ്വ. രാജേഷ് നാരായൺ അയ്യരെ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയായി നിയമിച്ചു

#അമിക്കസ് ക്യൂറിയുടെ സാന്നിദ്ധ്യത്തിൽ നടപടിയെടുക്കാൻ നഗരസഭക്ക് നിർദ്ദേശം

 നഗരസഭാ സെക്രട്ടറിക്ക് വിമർശനം

നിള ഹോംസ് ഉൾപ്പെടെയുള്ളവർ തോട് കൈയേറി നിർമ്മാണം നടത്തിയെന്ന് നഗരസഭാ സെക്രട്ടറി ജൂലായ് 22 നു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇവർക്കെതിരെ നടപടിയെടുക്കാത്തത് ഗുരുതര കൃത്യവിലോപമാണ്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള താത്കാലിക സംവിധാനമെന്ന നിലയിൽ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ അദ്ധ്യക്ഷനായ കളക്ടർ നഗരസഭാ സെക്രട്ടറിയുടെ സഹായത്തോടെ വെള്ളം പമ്പ് ചെയ്തു കളയാനുള്ള സംവിധാനം ഒരുക്കണം. തോട് പൂർവ സ്ഥിതിയിലാക്കിയാലേ പ്രശ്നം പരിഹരിക്കാനാവൂ എന്നു വ്യക്തമാക്കി കണയന്നൂർ തഹസിൽദാർ കഴിഞ്ഞ ആഗസ്റ്റിൽ കളക്ടർക്ക് കത്തു നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

 അതിർത്തി നിർണ്ണയിക്കാൻ സർവേ

തോടിന്റെ അതിർത്തി നിർണയത്തിനായി ഒരുമാസത്തിനുള്ളിൽ സർവേ നടത്താൻ കളക്ടർ നടപടിയെടുക്കണം. സർവേ നടപടികളുമായി റവന്യു അധികൃതർ സഹകരിക്കുന്നില്ലെന്ന് തൃപ്പൂണിത്തുറ നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. തോടു കൈയേറിയുള്ള നിർമ്മാണങ്ങൾ പൊളിച്ചു കളയാൻ ഉത്തരവു നൽകേണ്ടതാണ്. സർവേ നടപടികൾ പൂർത്തിയാകേണ്ടതിനാൽ ഇപ്പോൾ ഉത്തരവിടുന്നില്ല. തോടു കൈയേറ്റം കണ്ടെത്തിയാൽ നിള ഹോംസിനുൾപ്പെടെ നിയമപരമായ ശിക്ഷ നൽകും.