കുട്ടമ്പുഴ : കുട്ടമ്പുഴയിൽ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കുകയെന്ന നാട്ടുകാരുടെ ദീർഘകാലമായ സ്വപ്നം അട്ടിമറിക്കാൻ വൈദ്യുതിബോർഡും ശ്രമിച്ചു. കോളേജ് ആരംഭിക്കാൻ നിർദ്ദേശിക്കപ്പെട്ട സ്ഥലം സ്വന്തമാക്കാനായിരുന്നു ശ്രമം. നാട്ടുകാർ പ്രതിഷേധിച്ചതോടെ വിഷയം കോടതിയുടെ പരിഗണനയിലാണ്.
എറണാകുളം ജില്ലയുടെ കിഴക്ക് വനമേഖലയായ കുട്ടമ്പുഴയിൽ കോളേജ് ആരംഭിക്കാൻ രണ്ടു പതിറ്റാണ്ടായി ശ്രമം നടക്കുകയാണ്. നാട്ടുകാർ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ കോളേജിന്റെ ആവശ്യകത പഠിക്കാൻ മൂന്നു സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. കോളേജ് ആരംഭിക്കാൻ ശുപാർശ നൽകിയ സമിതികൾ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന അഞ്ചേക്കർ സ്ഥലവും കണ്ടെത്തി. 1980 പൂയംകുട്ടി അണക്കെട്ട് നിർമ്മാണകാലത്ത് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പണിയാൻ വൈദ്യുതിബോർഡിന് പാട്ടത്തിന് നൽകിയ സ്ഥലമാണിത്. 1998 ൽ പാട്ടം അവസാനിച്ചതോടെ റവന്യൂവകുപ്പിന്റെ കൈവശമാണ് സ്ഥലം.
കോളേജിന് ശ്രമം തുടങ്ങിയതോടെ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് 1996 ൽ വൈദ്യുതി ബോർഡിന്റെ ഉപസ്ഥാപനമായ കേരള ഹൈഡൽ ടൂറിസം രംഗത്തുവന്നു. പൂയംകുട്ടിയിൽ ടൂറിസംപദ്ധതി നടപ്പാക്കാൻ ശ്രമവും തുടങ്ങി. സ്ഥലം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. കോളേജ് ആക്ഷൻ കൗൺസിൽ ഇതിനെതിരെ രംഗത്തുവന്നു. സ്ഥലം കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതിൽ തീർപ്പായിട്ടില്ല.
കോളേജിനെപ്പറ്റി പഠിച്ച കോളേജ് വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്‌ടർ ഡോ.പി.എസ്. അജിത 2018 ഒക്ടോബർ 13 ന് സമർപ്പിച്ച റിപ്പോർട്ടിൽ ബോർഡിന്റെ ശ്രമത്തെക്കുറിച്ച് പറയുന്നുണ്ട്. ഹൈഡൽ ടൂറിസം പദ്ധതിയിൽ നിന്ന് പിന്മാറാൻ വൈദ്യുതമന്ത്രി എം.എം. മണി നിർദ്ദേശം നൽകിയതയാണ് ബോർഡ് അധികൃതർ നൽകുന്ന വിവരം.
# 40 കിലോമീറ്റർ യാത്ര 15 ആയി കുറയും
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെയും ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായുകളിലെയും ആദിവാസികൾക്കും സാധാരണക്കാർക്കും കുട്ടമ്പുഴയിലെ കോളേജ് ഗുണം ചെയ്യും. ഈ മേഖലയിലെ കുട്ടികൾ കോളേജ് പഠനം ഒഴിവാക്കുന്നതിനെക്കുറിച്ചും സർക്കാർ നിയോഗിച്ച സമിതികൾ വിവരിച്ചിട്ടുണ്ട്.
കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, കവളങ്ങാട് ഗ്രാമ പഞ്ചായത്തുകളിലെ പത്തു ഹൈസ്കൂളുകളിൽ പഠനം കഴിഞ്ഞാൽ ഉന്നതപഠനത്തിന് സമീപത്ത് അവസരങ്ങളില്ല. ഇടുക്കി ജില്ലയിലെ അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ അഞ്ച് പട്ടികജാതി കോളനികളിലെയും ആറ് ആദിവാസി കോളനികളിലെയും പാവപ്പെട്ട കുട്ടികൾക്ക് കുട്ടമ്പുഴയിൽ കോളേജ് ആരംഭിച്ചാൽ പഠിക്കാൻ അവസരം ലഭിക്കും. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ കുട്ടികൾക്ക് 40 കിലോമീറ്റർ അകലെ മൂന്നാർ കോളേജാണ് ആശ്രയം. 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവർക്ക് കുട്ടമ്പുഴയിലെത്താൻ കഴിയും.
# കുട്ടമ്പുഴയുടെ സവിശേഷതകൾ
ആലപ്പുഴ ജില്ലയുടെ വലിപ്പം.
വിസ്തൃതി 54307 ചതുരശ്ര കിലോമീറ്റർ
നിബിഡ വനമാണ് മുക്കാൽ ഭാഗവും
ആദിവാസി കോളനികൾ : 16
ആദിവാസികൾ : 4,900 ലേറെ
പട്ടികജാതി കോളനികൾ : 18
ജനവാസം 5 മുതൽ 25 കിലോമീറ്റർ അകലത്തിൽ
1980 വരെ ഇടുക്കി ജില്ലയുടെ ഭാഗം