ജനുവരിയിൽ പൂർത്തിയാക്കും
കൊച്ചി : സുപ്രീംകോടതി വിധിയെ തുടർന്ന് മാതൃ ഇടവകയായ പിറവം വലിയ പള്ളി വിട്ടുകൊടുക്കേണ്ടി വന്നസാഹചര്യത്തിൽ യാക്കോബായ വിശ്വാസികൾ താൽക്കാലിക ആരാധനാകേന്ദ്രം ഒരുക്കുന്നു.പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ടാക്സി സ്റ്റാൻഡിനോട് ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് ആരാധനാ കേന്ദ്രം. ജനുവരി ആദ്യം ദനഹാ തിരുനാളിന് മുമ്പായി പണി പൂർത്തിയാക്കും .
. പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലിലെ 95 ശതമാനം വരുന്ന യാക്കോബായ വിശ്വാസികൾ മാതൃദേവാലയവുമായുള്ള ബന്ധം മുറിക്കാതെയാണ് താൽക്കാലിക ദേവാലയം ഒരുക്കുന്നത്.
പിറവം ചൂപ്രത്ത് വർക്കിയാണ് പള്ളി പണിയാൻ സ്ഥലം പാട്ടത്തിന് നൽകിയത്. മാത്യൂസ് ഈവാനിയോസ് മെത്രാപ്പൊലീത്ത ഞായറാഴ്ച തറക്കല്ലിട്ടു. വികാരിമാരായ ഫാ. വർഗീസ് പനച്ചിയിൽ, ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ.സന്തോഷ് തെറ്റാലിൽ, യാക്കോബായ കോൺഗ്രിഗേഷൻ ഭാരവാഹികളായ സണ്ണി വള്ളവത്താട്ടിൽ, സാബുപോൾ കണ്ണങ്ങായത്ത്, ബേബി കിഴക്കേക്കര, വി.വി. ജോൺ വെള്ളൂക്കാട്ടിൽ, ബിജു അമ്മിണിശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പണി ആരംഭിച്ചു. 20 കുടുംബ യൂണിറ്റുകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ നിർമ്മാണത്തിൽ പങ്കെടുക്കുന്നുണ്ട്
വിശ്വാസികളുടെ സംഭാവന
വിശ്വാസികൾ ഹൃദയത്തിൽ തട്ടി നൽകുന്ന ഓരോ ചില്ലിക്കാശും ചേർത്തുവച്ചാണ് ആരാധാനാലയം നിർമ്മിക്കുന്നതെന്ന് വികാരി ഫാ. വർഗീസ് പനച്ചിയിൽ പറഞ്ഞു. പാറപ്പാലിൽപരേതനായ മത്തായിയുടെ ഭാര്യ 92കാരിയാായ അന്നമ്മ മത്തായി ഒരു ലക്ഷം രൂപ മാത്യൂസ് ഈവാനിയോസ് മെത്രാപ്പൊലീത്തക്ക് നൽകി.
# വിശ്വാസത്തിന്റെ വലയം
കത്തോലിക്കർക്ക് റോമും മാർപാപ്പയും പോലെയാണ് യാക്കോബായ വിശ്വാസികൾക്ക് അന്ത്യോഖ്യയും പാത്രീയർക്കീസ് ബാവമാരും. മലങ്കരസഭയിൽ പാത്രിയർക്കീസ് ബാവയ്ക്കുള്ള അധികാരം സംബന്ധിച്ച തർക്കത്തിലാണ് യാക്കോബായാ - ഓർത്തഡോക്‌സ് സഭകൾ പിറന്നത്. ഓർത്തഡോക്സുകാർ അന്ത്യോഖ്യാബന്ധം ഉപേക്ഷിച്ചപ്പോൾ യാക്കോബായക്കാർ പാത്രിയർക്കീസ് ബാവയെ ആത്മീയ തലവനാക്കി അന്ത്യോഖ്യാ ബന്ധം ദൃഢമാക്കി.