punjalithodu
. പൂഞ്ചാലി തോട് കുറുകെ കെട്ടിയടച്ചുയിരിക്കുന്നു .

ഇടപ്പള്ളി: കഴിഞ്ഞ പെരുമഴയിൽ മുങ്ങിയ ഇടപ്പള്ളി ചങ്ങമ്പുഴ മെട്രോ സ്റ്റേഷനരികിലുള്ള പൂഞ്ചാലി തോടിലെ തടസങ്ങൾ നീക്കാനെത്തിയ പൊതുമരാമത്ത്, നഗരസഭാ സംഘങ്ങൾക്ക് ആകെ ആശയക്കുഴപ്പം. മറ്റൊന്നുമല്ല, റവന്യൂരേഖകളിൽ വെള്ളിവര പോലെ തെളിഞ്ഞു കാണുന്ന പൂഞ്ചാലി തോട് അവിടെങ്ങും കാണാനില്ല.

ഒടുവിൽ റോഡരികിലെ ഒരടി പോലും വീതിയില്ലാത്ത നീർച്ചാലാണ് പണ്ട് നാല് മീറ്ററോളം വീതിയുണ്ടായിരുന്ന പൂഞ്ചാലി തോടെന്ന സങ്കല്പത്തിലെത്തി അധികൃതർ.

കഴിഞ്ഞ മഴയ്ക്ക് രണ്ടടിയോളം വെള്ളം മുങ്ങി ഇവിടെ റോഡ് അടയ്ക്കേണ്ട സ്ഥിതിയുണ്ടായതാണ്. തൊട്ടരികിലുള്ള വലിയ കെട്ടിടങ്ങൾ തുടങ്ങി സമീപകാലത്ത് പണിതവർ വരെ തോട് കെട്ടിയെടുത്തു സ്വന്തമാക്കി.

എളമക്കരയിൽ പേരണ്ടൂർ കനാലിന് സമാന്തരമായി ഒഴുകുന്ന ചങ്ങാടംപൊക്ക് തോടിലേക്ക് ബി.ടി.എസ് റോഡിലൂടെ ബന്ധിപ്പിക്കുന്ന പൂഞ്ചാലിതോട് ഇപ്പോൾ അപ്രത്യക്ഷമായി. 250 മീറ്ററോളം തോടാണ് നഷ്ടമായത്.

ചങ്ങമ്പുഴ മെട്രോ സ്റ്റേഷൻ മുതൽ ബി​.ടി​.എസ് റോഡ് വരെയുള്ള തോടി​ന് റവന്യൂ വകുപ്പിന്റെ രേഖയിൽ 94.5.മീറ്റർ നീളവും നാലു മീറ്റർ വീതിയുമുണ്ട്. തുടക്കത്തി​ൽ മാത്രം ഇപ്പോൾ ഒരു മീറ്ററോളം വീതി​യുണ്ട്. പക്ഷേ നാലഞ്ചുമീറ്റർ കഴി​ഞ്ഞാൽ ഒരടി​ തി​കച്ചി​ല്ല. അതും ഇടയ്ക്ക് ഇല്ലാതാകുന്നു.ഒരുതുള്ളി വെള്ളം ഇത് വഴി സുഗമമായി ഒഴുകി​ല്ല . ഇത്രയധികം കൈയ്യേറ്റം നടന്നിട്ടു ചെറുവിരൽ അനക്കാൻ റവന്യു വിഭാഗമോ നഗരസഭയോ തുനി​ഞ്ഞി​ല്ല. തുടക്കഭാഗം കുറെ നാൾ മുമ്പ് കൈയേറി​ കടകെട്ടി​യി​രുന്നു. അന്ന് ബി​.ജെ.പി​ സമരത്തെ തുടർന്ന് നീക്കം ചെയ്തു.

നിവൃത്തിയില്ലാതെ പൊളിക്കൽ നാടകം

വെള്ളക്കെട്ടി​നെ തുടർന്ന് തോട് വൃത്തി​യാക്കാൻ തുടങ്ങി​യ ശ്രമങ്ങൾ നഗരസഭ ഉപേക്ഷി​ച്ചു. കാര്യങ്ങൾ അത്ര
എളുപ്പമല്ലെന്നതാണ് തടസം. വൻ തോതിലാണ് കൈയ്യേറ്റമെന്ന് കൗൺസിലർ വിജയകുമാറും പറഞ്ഞു.

അധികൃതർ കുറ്റക്കാർ തന്നെ

പൂഞ്ചാലി തോട് കൈയ്യേറ്റം തടയാതി​രുന്ന വീഴ്ചകളിൽ അധികൃതർക്ക് ഒഴിഞ്ഞു മാറാനാകില്ല. വലി​യ കെട്ടിടങ്ങളാണ് തോട് കൈയേറി​ നി​ർമ്മി​ച്ചത്. ഇതി​ന് അനുമതി​ നൽകി​യവരുൾപ്പടെ സമാധാനം പറയേണ്ടതുണ്ട്.

താലൂക്ക് സർവയരുടെ റിപ്പോർട്ടു വേണം

താലൂക്ക് സർവേയറുടെ റിപ്പോർട്ട് കിട്ടിയാലേ തോട് വീണ്ടെടുക്കലുമായി​ മുന്നോട്ടു പോകാൻ കഴിയൂവെന്ന് നഗരസഭ എൻജി​നി​യറിംഗ് വിഭാഗം പറയുന്നു. ഇതിനു വേണ്ടി ആവശ്യപെട്ടിട്ടുണ്ടന്നാണ് അവകാശവാദം. കൈയ്യേറ്റങ്ങൾ അധികൃതർ അറിഞ്ഞു തന്നെയെന്ന് . ഓരോ കൈയേറ്റങ്ങളും അധികൃതരുടെ മൗനാനുവാദത്തോടെയാണ് നടന്നത്. റവന്യൂ രേഖകളി​ൽ വരെ കൃത്രി​മം നടക്കാൻ സാധ്യതയുണ്ട്.

ഏലൂർ ഗോപിനാഥ് ,സംസ്ഥാന പരിസ്ഥിതി സമിതി അംഗം