കാലടി : നൃത്താദ്ധ്യാപികമാർക്കുളള രണ്ടു ദിവസത്തെ നട്ടുവാങ്കം ശില്പശാല കാലടി ശ്രീശങ്കരാ സ്‌കൂൾ ഒഫ് ഡാൻസിൽ ആരംഭിച്ചു. കലാമണ്ഡലം ഹരികൃഷ്ണനും കലാമണ്ഡലം കാർത്തിക ഹരികൃഷ്ണനുമാണ് നേതൃത്വം നൽകുന്നത്.
നൃത്താദ്ധ്യാപികമാർക്ക് ആത്മവിശ്വാസത്തോടെ നട്ടുവാങ്കം ചെയ്യുന്നതിന് പ്രത്യേക സിലബസോടുകൂടിയ പരിശീലനമാണ് നൽകുന്നത്. അണ്ണാമല സർവകലാശാലയിൽ നിന്ന് നട്ടുവാങ്ക കലൈമണി പട്ടവും ഡിപ്ലോമയും നേടിയ കലാമണ്ഡലം കാർത്തികയും 18 വർഷമായി മൃദംഗകലയിൽ പ്രാവീണ്യം നേടിയ കലാമണ്ഡലം ഹരികൃഷ്ണനുമാണ് നട്ടുവാങ്ക പരിശീലന തപസ്യയായി കൊണ്ടുനടക്കുന്നത്. തൃപ്പൂണിത്തുറയിൽ നട്ടുവാങ്ക അക്കാഡമിയും ഇവർ ആരംഭിച്ചിട്ടുണ്ട്.
ശ്രീശങ്കരനാട്യമണ്ഡപത്തിൽ ആരംഭിച്ച പരിശീലനം പ്രൊഫ. പി.വി. പീതാംബരനും സുധാ പീതാംബരനും ചേർന്ന് ഉദ്ഘാടനം ചെയ്തു. അനില ജോഷി സ്വാഗതവും വൈഷ്ണവി സുകുമാരൻ നന്ദിയും പറഞ്ഞു. 18 അദ്ധ്യാപികമാരാണ് പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.