*ഓപ്പറേഷൻ ബ്രേക്ക് ത്രൂ കർമ്മപരിപാടി വേഗത്തിലാക്കും
* ഡ്രെയിനേജ് മാപ്പ് തയ്യാറാക്കും
തൃക്കാക്കര: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരത്തിനായി തിരുവനന്തപുരം നഗരത്തിലെ ആവിഷ്കരിച്ച ഓപ്പറേഷൻ അനന്തയുടെ മാതൃകയിലാണ് കൊച്ചിയിലും സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.ഓപ്പറേഷൻ ബ്രേക്ക് ത്രൂ തുടർനടപടികളുടെ ഭാഗമായി കളക്ടറുടെ ചേമ്പറിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളക്കെട്ടിനിടയാക്കിയ സാഹചര്യം വിലയിരുത്തുന്നതിന് വിദഗ്ദ്ധരടങ്ങുന്ന സാങ്കേതികസമിതി രൂപീകരിക്കും. ഇതിന് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ സഹകരണം തേടും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആവിഷ്കരിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂ കർമ്മപരിപാടിയുടെ തുടർനടപടികൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആദ്യപടിയായി കനാലുകളും ഓടകളും അടക്കം ജലനിർഗമന മാർഗങ്ങൾ ഉൾപ്പെട്ട വിശദമായ ഡ്രയിനേജ് മാപ്പ് തയാറാക്കും. മൂന്നു മാസത്തിനകം ഡ്രയിനേജ് സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കളക്ടർ വ്യക്തമാക്കി.ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി, തഹസിൽദാർ ബീന.പി.ആനന്ദ്, കൊച്ചി നഗരസഭ എക്സിക്യൂട്ടീവ് എൻജിനീയർ എച്ച്. ടൈറ്റസ്, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ പ്രൊഫ. ഡോ. ആർ. സുജ,കൊച്ചി കോർപ്പറേഷൻ, ജിസിഡിഎ, ജലസേചനം , അഗ്നി രക്ഷാ സേന, അടിയന്തരഘട്ട കാര്യനിർവഹണം, പൊലീസ്, കൊച്ചി മെട്രോ തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നാല് മണിക്കൂർ കൊണ്ട് നഗരത്തെ പൂർവസ്ഥിതിയിലെത്തിച്ച അടിയന്തര നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കാൻ തീരുമാനിക്കുകയും ഇതിന് നേതൃത്വം നൽകാൻ ജില്ലാകളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.