കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ കൊച്ചി റിഫൈനറി ഉൾപ്പടെയുള്ള ബി.പി.സി.എൽ സ്വകാര്യവത്കരണം കേന്ദ്രസർക്കാർ ഉദ്ദേശിച്ചപോലെ നടക്കാനിടയില്ല. ഇക്കാെല്ലം തന്നെ ബി.പി.സി.എല്ലിലെ കേന്ദ്രസർക്കാരിന്റെ 53.29 ശതമാനം ഓഹരികളും വിൽക്കാനായിരുന്നു നീക്കം. 60,000 മുതൽ ഒരു ലക്ഷം കോടിയോളം വരെയാകാം ഈ ഓഹരിമൂല്യം.
ഇത്രയും തുക നിക്ഷേപിക്കാനായി നിലവിൽ ഇന്ത്യയിലെ വൻകിട കമ്പനികൾ മുന്നോട്ടുവരാൻ സാദ്ധ്യത കുറവാണ്. സൗദിയിലെ അരാംകോ, ഫ്രാൻസിലെ ടോടൽ, ഷെൽ തുടങ്ങിയ ആഗോളഭീമന്മാർ തന്നെ രംഗത്തുവരേണ്ടിവരും.
ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും അന്താരാഷ്ട്ര തലത്തിൽത്തന്നെ വാഹനങ്ങൾ വൈദ്യുത ഇന്ധനത്തിലേക്ക് അതിവേഗം മാറുന്നത് കണക്കിലെടുത്തും ഇത്ര വലിയ തോതിലുള്ള നിക്ഷേപം ആകർഷിക്കുക എളുപ്പമല്ല.
ലോകത്ത് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. ആ വിപണി മുന്നിൽകണ്ട് വിദേശകമ്പനികൾ ഇന്ത്യയിലെ മുൻനിര പെട്രോളിയം കമ്പനിയായ ബി.പി.സി.എല്ലിനെ കൈയടക്കാൻ ശ്രമിക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ നീക്കങ്ങൾ. ഈ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പോലുള്ള പ്രമുഖമായ മറ്റ് പൊതുമേഖലാ കമ്പനികളുടെ കൺസോർഷ്യം രൂപീകരിച്ച് ബി.പി.സി.എല്ലിന്റെ ഓഹരികൾ വാങ്ങാനും കേന്ദ്രം ശ്രമിച്ചേക്കും.
എന്നാൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി.സി.എൽ) 51.11 ശതമാനം കേന്ദ്രസർക്കാർ ഓഹരികൾ വാങ്ങിയ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
36,915 കോടി രൂപയാണ് ഒ.എൻ.ജി.സി ഇതിനായി മുടക്കിയത്. എച്ച്.പി.സി.എൽ ഓഹരി വാങ്ങാനായി 25,000 കോടി കടമെടുക്കേണ്ടി വന്നതോടെ കടരഹിത കമ്പനി എന്ന പദവി ഒ.എൻ.ജി.സിക്ക് നഷ്ടമായി. കമ്പനിയുടെ സമ്പൂർണ നിയന്ത്രണം ഒ.എൻ.ജി.സി ലഭിച്ചതുമില്ല. സാമ്പത്തികമായി വലിയ നേട്ടങ്ങളും ഉണ്ടായില്ല.
ഇതിനെല്ലാമുപരിയായി ബി.പി.സി.എല്ലിന്റെ പ്രധാന ശാഖകളിലൊന്നായ കൊച്ചി റിഫൈനറി അന്യമാകുന്നതിനെ കേരള സർക്കാർ എതിർക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന് വേണ്ടി പെട്രോകെമിക്കൽ കോംപ്ളക്സ് നിർമ്മിക്കാൻ എഫ്.എ.സി.ടിയുടെ 170 ഏക്കർ ഭൂമി വിട്ടുനൽകിയിരുന്നു. സ്വകാര്യവത്കരണ വിരുദ്ധ പ്രക്ഷോഭങ്ങളുമായി വിവിധ സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്.
ബി.പി.സി.എൽ
• മുംബയിൽ നാല് റിഫൈനറികൾ, കേരളത്തിൽ കൊച്ചി, മദ്ധ്യപ്രദേശിലെ ബിനാ, അസമിലെ നുമാലിഗഡ് എന്നിവിടങ്ങളിലാണ് ബി.പി.സി.എല്ലിന് റിഫൈനറികളുള്ളത്. എല്ലാം ചേർന്ന് 38.3 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ സംസ്കരണശേഷിയുമുണ്ട്.
• 15,078 പെട്രോൾ പമ്പുകളും 6,004 എൽ.പി.ജി വിതരണ ഏജൻസികളും സ്വന്തം.