കോലഞ്ചേരി: വൈദ്യുതി​ കണക്ഷൻ എടുത്തപ്പോൾ അനുവദി​ച്ച ലോഡി​ൽ കൂടുതൽ ഉപഭോഗമുള്ള വീട്ടുകാരും കച്ചവടക്കാരും ജാഗ്രതൈ. ഷോക്ക് ട്രീറ്റ് മെന്റുമായി കെ.എസ്.ഇ.ബി വരുന്നു.

ഇത്തരക്കാർക്ക് വിവരം സൗജന്യമായി നല്കാൻ 31 വരെ അവസരമുണ്ട്. ഇതിനുശേഷം പരിശോധന കർശനമാക്കും. പിടിക്കപ്പെട്ടാൽ കനത്ത പിഴയുണ്ടാകും. ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങൾ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഇതു പലപ്പോഴും പാലിക്കാറില്ല. പുതിയ വീട്, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിലേക്ക് കണക്ഷൻ എടുക്കുമ്പോഴും പഴയ വീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും പുതിയതായി കൂട്ടിച്ചേർത്തവയുടെ വിവരങ്ങളും ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പറിൽ സെക്ഷൻ ഓഫിസുകളിൽ രേഖപ്പെടുത്തേണ്ടതാണ്.

സെക്ഷൻ ഓഫിസുകളിൽ പ്രത്യേക അപേക്ഷാഫോം തയാറാക്കിയിട്ടുണ്ട്.ഇതിൽ ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തി നൽകിയാൽ മതി. വൈദ്യുതി വകുപ്പ് കണക്ടഡ് ലോഡ് പുനർ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതനുസരിച്ച് ഗാർഹി​ക,വ്യവസായ,വാണിജ്യ മേഖലകളിലെ ലോ ടെൻഷൻ ഉപഭോക്താക്കൾക്ക് വലിയ ഇളവ് നല്കും.

സത്യാവസ്ഥ വെളിപ്പെടുത്തുന്നവരിൽ നിന്ന് അപേക്ഷ ഫീസ്,ടെസ്റ്റിങ്ങ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഫീസ് തുടങ്ങിയവ ഈടാക്കില്ല. വിതരണ ശൃംഖലയിൽ മാറ്റം വരുത്തുന്നതിനു മാത്രം പണം അടച്ചാൽ മതി. 31നു ശേഷം അംഗീകൃത വയർമാന്റെ പരിശോധനാ റിപ്പോർട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300 രൂപ എന്ന നിരക്കിൽ ഫീസും നൽകേണ്ടി വരും.