-sabarimala-protest

കൊച്ചി : വർക്കല സലിം വധക്കേസിലെ ഒന്നാം പ്രതി ചിറയിൻകീഴ് മുടപുരം വിളയിൽ പുത്തൻവീട്ടിൽ ഷെരീഫിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയായി വെട്ടിക്കുറച്ചു. രണ്ടാം പ്രതി തെങ്ങൂർക്കോണം ചരുവിള വീട്ടിൽ സനോബറിന്റെ ശിക്ഷ റദ്ദാക്കി വെറുതേവിട്ടു. പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിന്റെ വിധി.

കൊല്ലപ്പെട്ട വർക്കല നരിക്കല്ലുമുക്ക് സ്വദേശിയായ സലിമും പ്രതികളായ ഷെരീഫും സനോബറും സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. 2011 ജൂലായ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സലിമിനെ ഷെരീഫ് പുകയിലത്തോട് ജംഗ്ഷനിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി ബിയറിൽ ലഹരിമരുന്നു ചേർത്ത് ബോധം കെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം 16 കഷണമാക്കിയശേഷം ഒമ്പത് പ്ളാസ്റ്റിക് കവറുകളിലാക്കി വീട്ടുവളപ്പിൽ കുഴിച്ചിട്ടു. സലിമിന്റെ കുടുംബം പൊലീസിലും പിന്നീട് ഹൈക്കോടതിയിലും നൽകിയ പരാതികളെത്തുടർന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്. സലിമിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാനാണ് ഷെരീഫ് കൊല നടത്തിയതെന്നും സനോബറിന് ഇതിൽ പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഷെരീഫിന് വധശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയായ സനോബറിന് ജീവപര്യന്തം തടവുശിക്ഷയും പത്തുലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസിന്റെ പരിഗണനയിൽ ഇതുവരില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി ഷെരീഫിന്റെ വധശിക്ഷ ജീവപര്യന്തമായി വെട്ടിക്കുറച്ചു. രണ്ടാം പ്രതിയായ സനോബറിന് കുറ്റകൃത്യത്തിൽ പങ്കുള്ളതിന് തെളിവില്ലെന്നും ഡിവിഷൻബെഞ്ച് നിരീക്ഷിച്ചു. സലീമിനോടും ഷെരീഫിനോടും ഫോണിൽ സംസാരിച്ചെന്ന പേരിലാണ് സനോബറിനെ പ്രതിയാക്കിയത്. സാമ്പത്തിക ഇടപാടുകളുള്ള ഇവർ തമ്മിൽ മുമ്പും ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്താണ് ഇവർ ഫോണിൽ സംസാരിച്ചതെന്ന് വ്യക്തമല്ലാതിരിക്കെ കൊലക്കേസിൽ ശിക്ഷിക്കാനാവില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് സനോബറിന്റെ ശിക്ഷ റദ്ദാക്കി വെറുതേവിട്ടത്.