കൊച്ചി : കേന്ദ്ര കായികവകുപ്പിന്റെ അംഗീകാരത്തോടെ സി.ബി.എസ്.ഇ സംഘടിപ്പിക്കുന്ന സംസ്ഥാന ഇന്റർ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് 30 മുതൽ നവംബർ രണ്ടുവരെ കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കും.

പെരുമ്പാവൂർ പ്രഗതി അക്കാഡമിയാണ് സ്‌കൂൾ കായികമേളയുടെ സംഘാടകർ. കേന്ദ്രീയ വിദ്യാലയ, നവോദയ, സി.ബി.എസ്.ഇ സ്‌കൂളുകളിലെ നാലായിരം വിദ്യാർത്ഥികൾ മൂന്നു വിഭാഗങ്ങളൽ 52 ഇനങ്ങളിൽ മത്സരിക്കും.

കായികമേളയുടെ ഉദ്ഘാടനം 31ന് രാവിലെ 9 ന് കേന്ദ്ര രാസവളം വകുപ്പുമന്ത്രി വി.ഡി. സദാനന്ദ ഗൗഡ നിർവഹിക്കും. രാഷ്ട്രീയ ഏകതാദിനം പ്രമാണിച്ച് നാലായിരത്തിൽപ്പരം വിദ്യാർത്ഥികൾ നടത്തുന്ന 'റൺ ഫോർ യൂണിറ്റിക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പച്ചക്കൊടി വീശും. ബെന്നി ബഹനാൻ എം.പി അദ്ധ്യക്ഷത വഹിക്കും. കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി. ദാസൻ, സി.ബി.എസ്.ഇ മേഖലാ കേന്ദ്രം ഡയറക്ടർ സച്ചിൻ ടാക്കൂർ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ രണ്ടിന് വൈകിട്ട് 4 ന് സമാപന സമ്മേളനത്തിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ എന്നിവർ വിശിഷ്ടാതിഥികളാകും.

മഹാരാജാസ് സ്റ്റേഡിയത്തിലും കലൂർ സെൻറ് ആൽബർട്‌സ് ഗ്രൗണ്ടിലുമായിട്ടാണ് മത്സരങ്ങൾ നടക്കുകയെന്ന് ജനറൽ കൺവീനർ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, ഇ. രാമൻകുട്ടി വാരിയർ, സിയാദ് കോക്കർ, സുചിത്ര ഷൈജിന്ത്, രാജേന്ദ്രൻ എന്നിവർ അറിയിച്ചു.