sandhavu

വൈപ്പിൻ: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചെറായിയിൽ മകന്റെ ബൈക്കിൽ യാത്ര ചെയ്തിരുന്ന ചാലാപറമ്പിൽ സന്ധ്യാവ് (ബേബി-60) ആണ് മരിച്ചത്. ചെറായി ഗൗരീശ്വരം സ്റ്റോപ്പിനു വടക്കു ഭാഗത്ത് ഞായറാഴ്ച ഉച്ചക്കാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന മകൻ ആന്റണി (36), മറ്റൊരു ബൈക്ക് യാത്രികനായ ഇവരുടെ ബന്ധുവായ എടവനക്കാട് കണക്കശേരി അംബ്രോസ് (39) എന്നിവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ സന്ധ്യാവിനെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 11.15 ഓടെ മരിച്ചു. ആന്റണിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പ്യൂട്ടർ സർവീസ് രംഗത്തുളള ആന്റണിക്ക് ഓഫീസ് തുടങ്ങുന്നതിന് മുറി തരപ്പെടുത്തി മടങ്ങുകയായിരുന്നു മൂവരും. സന്ധ്യാവിന്റെ ഭാര്യ: പൊയ്യത്തറ കുടുംബാംഗം പരേതയായ ഫിലോമിന. മരുമകൾ: സിൻസി (നേഴ്‌സ്). മുനമ്പം പൊലീസ് മേൽ നടപടി സ്വകരിച്ചു. എറണാകുളം ജനറലാശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം പള്ളിപ്പുറം മഞ്ഞുമാത പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.