വൈപ്പിൻ: ഓച്ചന്തുരുത്ത് വളപ്പ് പള്ളിക്ക് വടക്ക് കിഴക്ക് പഞ്ചായത്ത് ജെട്ടി റോഡും സ്‌കൂൾമുറ്റം വളപ്പ് ലിങ്ക് റോഡും തകർന്ന് കിടന്നിട്ട് പത്തുവർഷത്തോളമായിട്ടും എളങ്കുന്നപ്പുഴ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വളപ്പ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി ഡേവിഡ് അട്ടിപ്പേറ്റി അദ്ധ്യക്ഷത വഹിച്ചു. ഈ റോഡിലൂടെ നിരവധി വാഹനങ്ങളും യാത്രക്കാരും വളരെ ക്ലേശിച്ചാണ് പോകുന്നത്. പഞ്ചായത്ത് ഭരണാധികാരികൾ പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡ് നന്നാക്കാൻ ഇതേവരെ മുന്നോട്ടുവരുന്നില്ല. നല്ല രീതിയിൽ ഈ റോഡ് പണിയണമെങ്കിൽ 25 ലക്ഷത്തോളം രൂപ വകയിരുത്തേണ്ടിവരും.
ഫ്രാഗ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ്, ജോണി വൈപ്പിൻ, മൈക്കിൾ പങ്കേയത്ത്, ഫ്രാൻസീസ് അറയ്ക്കൽ, ജോസഫ് നരികുളം, ജോളി കാട്ടുപറമ്പിൽ, സേവ്യർ ചുള്ളിക്കൽ, നോർബർട്ട് നെടിയോടി, സൈമൺ കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുജനങ്ങൾ ഒപ്പിട്ട ഭീമഹർജി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.