കൊച്ചി : വടക്കൻ കേരളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ ആംബുലൻസ് കോച്ച് വേണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവി​ട്ടു. ദിവസേന പുറപ്പെടുന്ന മൂന്ന് ട്രെയിനുകളിൽ ഒന്നിൽ എമർജൻസി ആംബുലൻസ് ബോഗി രോഗികൾക്കും സഹായികൾക്കുമായി നീക്കിവയ്ക്കുകയോ അല്ലെങ്കിൽ മൂന്ന് ട്രെയിനുകളിലും ഓരോ ബോഗി വീതം നീക്കിവയ്ക്കുകയോ ചെയ്യണം. ട്രെയിൻ പുറപ്പെട്ടതിനുശേഷംബർത്തുകൾ പൂർണമായി ബുക്ക്ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ വെയിറ്റ് ലിസ്റ്റിലുള്ളവർക്ക്, രോഗികൾ വന്നാൽ ഒഴിഞ്ഞുകൊടുക്കേണ്ടിവരുമെന്ന നിബന്ധനയിൽ സീറ്റ് അലോട്ട് ചെയ്യാം. കഴിഞ്ഞ ഡിസംബർ 26 ന് ഒരു വയസുള്ള മകൾ മറിയത്തി​ന്റെ തുടർ ചി​കി​ത്സക്കായി​ മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് പോകുകയായി​രുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ഷെമീർ- സുമയ്യ ദമ്പതികൾക്ക് മാവേലി എക്സ് പ്രസി​ൽ യാത്ര സൗകര്യം നിഷേധിച്ചിരുന്നു. സ്ലീപ്പർ ക്ളാസി​ൽ യാത്ര ചെയ്യാൻ ശ്രമിച്ച അവരെ ട്രെയിനിൽനിന്ന് ഇറക്കിവിടുകയായിരുന്നു. അത്യാസന്ന നിലയിലായിരുന്ന കുട്ടി പിന്നീട് മരി​ച്ചു. കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചികിത്സാർത്ഥം പോകുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ചുരുങ്ങിയ ചെലവിൽ സുരക്ഷിത യാത്രാസൗകര്യമൊരുക്കണമെന്നുംആവശ്യപ്പെട്ട് കേരള ചെെൽഡ് പ്രൊട്ടക്ട് ടീം ബാലാവകാശ കമ്മീഷന് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഹർജിക്കാർക്കുവേണ്ടി ഫാ. ഫിലിപ്പ് പരക്കാട്ട് ഹാജരായി​..