-mc-josephine

തൃക്കാക്കര : വാളയാറിൽ പീഡനത്തിനിരയായ രണ്ട് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവുകളുടെ പോരായ്മ മൂലം പോക്സോ കോടതി പ്രതികളെ വെറുതേ വിടാനുണ്ടായ സാഹചര്യം കണക്കിലെടുത്ത് സമഗ്ര അന്വേഷണം വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വനിതാ കമിമീഷൻ മെഗാ അദാലത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കേസിൽ പൊലീസിനോ പ്രോസിക്യൂഷനോ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതും പരിശോധിക്കണം. കുട്ടികളുടെ കേസായതിനാൽ കമ്മിഷന് ഇടപെടുന്നതിൽ പരിമിതിയുണ്ട്. അന്ന് സംഭവം അറിഞ്ഞ ഉടൻ വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി സ്ഥലത്ത് പോകുകയും പെൺകുട്ടികളുടെ മാതാവുമായി സംസാരിക്കുകയും ചെയ്തിരുന്നു.
കുട്ടികൾക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് സി.ഡബ്ളിയു.സിയാണ്. എന്നാൽ ഈ കേസിൽ പ്രതികൾക്കായി സി.ഡബ്ളിയു.സി ചെയർമാൻ കോടതിയിൽ ഹാജരായ സംഭവം അതീവ ഗുരുതരമായി കാണണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ നിയമത്തിന്റെ പഴുതുകളിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കാൻ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും ജോസഫൈൻ പറഞ്ഞു.