പെരുമ്പാവൂർ: യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ വഞ്ചി സമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കും കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടും നിർമ്മാണപ്രവർത്തനങ്ങൾ നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം . കുളമായിമാറിയ റോഡുകളിലൂടെ സഞ്ചരിക്കാൻ പി. ഡബ്ലു.ഡി ഉദ്യോഗസ്ഥർക്ക് വഞ്ചി സമർപ്പിച്ചു.
ഇഴയുന്ന പണികൾ
മണ്ഡലത്തിൽ 75.60 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ 4 പാലങ്ങളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 6.17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മണ്ണൂർ - പോഞ്ഞാശ്ശേരി റോഡ്, രണ്ട് വർഷം മുൻപ് ഭരണാനുമതി ലഭിച്ച വല്ലം ഇരിങ്ങോൾ റിംഗ് റോഡ്, പുല്ലുവഴി - പാണിയേലിപ്പോര് റോഡ് എന്നിവയുടെ നടപടി ക്രമങ്ങളും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് സമരവുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. പുല്ലുവഴി - പാണിയേലിപ്പോര് റോഡിൽ മുൻപ് സർവ്വേ നടപടികൾ പൂർത്തികരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും നിർമ്മാണം ആരംഭിച്ചില്ല. ഇത് കൂടാതെ മണ്ഡലത്തിലെ ഇരുപത്തിരണ്ട് റോഡുകൾ കുഴികൾ അടച്ചു നവീകരിക്കുന്നതിന് 4.20 കോടി രൂപയും തകർന്ന കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് 1.10 കോടി രൂപയും അനുവദിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോൾ പാത്തിക്കൽ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം ഒ.ദേവസി വഞ്ചി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ കോഓർഡിനേറ്റർ അഡ്വ. ടി.ജി സുനിൽ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ, പാർലമെന്റ് സെക്രട്ടറി ജോജി ജേക്കബ്, ഷിജോ വർഗീസ്, ആസിഫ് വാരിക്കാടൻ ,മുനിസിപ്പൽ കൗൺസിലർ ബിജു ജോൺ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.കെ മുഹമ്മദ് കുഞ്ഞ്, എൻ.എ റഹിം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ഷിഹാബ് പള്ളിക്കൽ ,കമൽ ശശി, ബിനോയ് അരീക്കൽ , സനോഷ് മത്തായി, ജിബിൻ ജോണി,ഷാജി കുന്നത്താൻ,വി. പി നൗഷാദ് ,ജോയി പൂണേലി, ജയ്‌സൺ എന്നിവർ സംസാരിച്ചു.