കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് എറണാകുളം ജോസ് ജംഗ്‌ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

2011 മുതലുള്ള വാറ്റ് തീർപ്പാക്കിയ കണക്കുകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്തിയുള്ള നോട്ടീസ് പിൻവലിക്കുക, പ്രളയ സെസ് പിൻവലിക്കുക, തെറ്റായ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തയ്യാറാക്കിയ ക്രമക്കേട് നോട്ടീസുകൾ പിൻവലിക്കുക, സംരംഭകർ എന്നതിന് പകരം വ്യാപാരികളെ നികുതിവെട്ടിപ്പുകാരായി കാണുന്നരീതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പി.സി. ജേക്കബ്, അഡ്വ. എ.ജെ. റിയാസ്, വി.എ .യൂസഫ്, കെ.എം .മുഹമ്മദ് സഗീർ, കെ.എം. ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.