കൊച്ചി : ലഹരിമരുന്നു കേസുകളിൽ എത്ര പുരുഷന്മാരും സ്ത്രീകളും കുട്ടികളും പ്രതിയാക്കപ്പെട്ടെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി.ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താനുള്ള ഏബൺ കിറ്റുകൾ എത്രത്തോളം ഫലപ്രദമാണെന്ന റി​പ്പോർട്ടും നൽകണം. സംസ്ഥാനത്ത് ലഹരി മരുന്നു കേസുകൾ വർദ്ധിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. 2017, 2018 വർഷങ്ങളിൽ സംസ്ഥാനത്ത് ലഹരി മരുന്നു കേസുകളിൽ വർദ്ധന ഉണ്ടായെന്നും അബ്കാരി നയം മൂലം മദ്യത്തിന്റെ ലഭ്യത കുറഞ്ഞതാണ് കാരണമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതു ശരിയാകാമെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

 അഞ്ചു വർഷത്തിനുള്ളിൽ 33454 കേസുകൾ

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 33,454 ലഹരി മരുന്നു കേസുകൾ രജിസ്റ്റർ ചെയ്തെന്ന് ഡി.ജി.പി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. . ഉമിനീർ, മൂത്രം തുടങ്ങിയവ പരിശോധിച്ച് ലഹരി മരുന്നിന്റെ ഉപയോഗം കണ്ടെത്താൻ കഴി​യുന്ന ഏബൺ കിറ്റുകൾ വാങ്ങി​ അഞ്ച് സിറ്റി പൊലീസ് കമ്മിഷണർമാരുടെ പരിധികളിൽ പത്തു വീതം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിനു പുറമേ മൾട്ടി സിക്സ് ഒാറൽ ഡ്രഗ് ടെസ്റ്റ് കിറ്റുകൾ 25 എണ്ണം വാങ്ങിയിട്ടുണ്ട്.