അങ്കമാലി: സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് സംഘടിപ്പിക്കുന്ന 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന ഗ്രീൻ പ്രോട്ടോക്കോൾ പരിപാടി ഹരിതകർമസേനയുടെ സഹകരണത്തോടെ അങ്കമാലി നഗരസഭ നടപ്പിലാക്കുന്നു. വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക്, തെർമോക്കോൾ നിർമിത ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുക. ജൈവമാലിന്യം വളമാക്കി മാറ്റിയും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും വീടുകളെയും പൊതു സ്ഥലങ്ങളെയും ജലാശയങ്ങളെയും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രകൃതി സൗഹൃദ പോംവഴിയാണ് ഗ്രീൻ പ്രോട്ടോക്കോൾ.
ചില്ലുപ്ലേറ്റുകൾ, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുക, ഡിസ്‌പോസിബിൾ കപ്പുകൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫ്‌ളക്‌സുകൾ എന്നിവയുടെ ഉപയോഗം പൂർണമായും ഉപേക്ഷിക്കുക എന്നതാണ് ഗ്രീൻപ്രോട്ടോക്കോൾ കൊണ്ട് ലഷ്യമിടുന്നത് .
അജൈവ മാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് ശേഖരിക്കുന്നതിന്റെ ഭാഗമായി അങ്കമാലി നഗരസഭയിൽ രൂപീകരിച്ചിട്ടുള്ള ഹരിതകർമ്മസേനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവരശേഖരണ സർവേ നവംബർ 1ന് ആരംഭിക്കും. ഹരിത കർമ്മസേനാഗങ്ങൾക്കുള്ള യൂണിഫോമിന്റെയുംതിരിച്ചറിയൽ കാർഡിന്റെയും വിതരണോദ്ഘാടനവും നഗരസഭാ അങ്കണത്തിൽ നടത്തും.