mathil
റോഡിലെ നടപ്പാതയിലേയ്ക്ക് ഇടിഞ്ഞു വീണ മതിൽ

കോലഞ്ചേരി: സ്വകാര്യ സ്കൂളിന്റെ മതിലിടിഞ്ഞ് റോഡിലേയ്ക്ക് വീണിട്ട് നാളുകളായിട്ടും നടപടിയില്ല . കോലഞ്ചരി പട്ടിമറ്റം റോഡിൽ ബസ് സ്റ്റാൻഡിനു സമീപം നടപ്പാതയിലേയ്ക്ക് വീണ മതിൽ കാൽനട യാത്ര ദുരിതത്തിലാക്കി..മതിലിന്റെ അവശിഷ്ടങ്ങൾ നടപ്പാതയിൽ കുടുങ്ങി കിടക്കുന്നതോടെ റോഡിലേയ്ക്ക് ഇറങ്ങി നടക്കേണ്ട ഗതികേടാണുള്ളത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് കോലഞ്ചേരി മുൻസിഫ് -മജിസ്ട്രേറ്റ് കോടതി, മെഡിക്കൽ കോളേജ് ആശുപത്രി, പെരിയാർ വാലി ഓഫീസ്, വ്യാപാര ഭവൻ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നവർക്ക് ഈ നടപ്പാതയാണ് ആശ്രയം. മാങ്ങാട്ടൂർ, കാരമോളപ്പീടിക, പെരിങ്ങോൾ എന്നിവിടങ്ങളിൽ നിന്നും കോലഞ്ചേരി ടൗണിലേയ്ക്ക് വരുന്ന നൂറു കണക്കിനു പേരും ആശ്രയിക്കുന്നതും ഈ നടപ്പാതയാണ്.ഇതോടെ മലിന ജലം കെട്ടി കിടന്ന് ദുർഗന്ധവും വമിക്കുകയാണ്. ആലുവ പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്ന് കോലഞ്ചേരിയിലേയ്ക്കും, തിരിച്ചും വാഹനങ്ങൾ പോകുന്ന റോഡിൽ വ്യാപാര ഭവൻ വരെ ഇടുങ്ങിയ റോഡുമാണ്. അതോടെ ഗതാഗത തടസ്സവും പതിവായി. ഒരേ സമയം ഒരു ബസ്സിനു മാത്രം പോകാവുന്ന വിധമാണ് ഇവിടെ റോഡ്. എതിർ ദിശയിൽ നിന്നും ബസ്സുകൾ ഒരുമിച്ച് എത്തിയാൽ കാൽ നട യാത്രക്കാർ കുടുങ്ങും. പൂതൃക്ക , ഐക്കരനാട് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് നടപ്പാതയിൽ മതിൽ വീണത്. പൂതൃക്കയിൽ തന്നെ റോഡിന് രണ്ട് വശങ്ങളിൽ രണ്ട് പഞ്ചായത്തംഗങ്ങളാണ്

നടപ്പാതയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാണ്. മതിൽ ഇടിഞ്ഞു വീണത് നീക്കം ചെയ്യാൻ സ്കൂൾ അധികൃതരും തയ്യാറായിട്ടില്ല. മതിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഉടനടി നോട്ടീസ് നല്കും.

പോൾ വെട്ടുകാടൻ, പഞ്ചായത്തംഗം

മതിലിന്റെ അവശിഷ്ടങ്ങൾ കാനയിലേയ്ക്ക് വീണതോടെ കാനയിലെ മലിന ജലമൊഴുക്ക് നിലച്ചു

ബസ്സുകൾ ഒരുമിച്ച് എത്തിയാൽ കാൽ നട യാത്രക്കാർ കുടുങ്ങും