കൊച്ചി : പൂട്ടിക്കിടക്കുന്ന 60 എണ്ണത്തിലുൾപ്പെടെ മരടിൽ പൊളിക്കുന്ന ഫ്ളാറ്റുകളിലെ വസ്തുക്കൾ നീക്കാൻ വീണ്ടും സമയം അനുവദിക്കാൻ കെ. ബാലകൃഷ്ണൻ നായർ കമ്മിഷൻ തീരുമാനിച്ചു. സുപ്രീംകോടതി നിർദ്ദേശിച്ച പ്രകാരം ഓരോ ഫ്ളാറ്റ് നിർമ്മാതാക്കളും കമ്മിഷനിൽ കെട്ടിവയ്ക്കേണ്ട തുകയും നിശ്ചയിച്ചു.

ഇനിയും വസ്തുക്കൾ നീക്കാൻ അനുമതി ചോദിച്ച് ഏതാനും ഫ്ളാറ്റുടമകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനമെടുക്കാൻ കമ്മിഷനെ സുപ്രീംകോടതി ചുമതലപ്പെടുത്തി. ഏതാനുംപേർ കമ്മിഷനും പരാതി നൽകിയിരുന്നു. നഗരസഭയോട് കമ്മിഷൻ അഭിപ്രായം ചോദിച്ചപ്പോൾ പൂട്ടിക്കിടക്കുന്ന അറുപതെണ്ണത്തിലൊഴികെ മുഴുവൻ വസ്തുക്കളും നീക്കിയതായി മരട് നഗരസഭാ സെക്രട്ടറി മറുപടി നൽകി. പൊളിക്കൽ ആരംഭിച്ചതിനാൽ ഇനിയും സമയം അനുവദിക്കാൻ കഴിയില്ലെന്നും അറിയിച്ചു.

മാനുഷിക പരിഗണനയിൽ ഒരുദിവസം കൂടി നൽകാമെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. വസ്തുക്കൾ നീക്കാനുള്ളവർ ഈമാസം 31നകം കമ്മിഷന് അപേക്ഷ സമർപ്പിക്കണം. പൊളിക്കുന്ന കരാറുകാർ, നഗരസഭാ സെക്രട്ടറി തുടങ്ങിയവരുടെ വാദങ്ങൾ നവംബർ ഒന്നിന് ചേരുന്ന കമ്മിഷൻ സിറ്റിംഗിൽ കേട്ടശേഷം സമയം അനുവദിക്കും. എയർ കണ്ടിഷണർ കൊണ്ടുപോകാനും അനുമതി നൽകും.

# മുഴുവൻ പേർക്കും 25 ലക്ഷം

സുപ്രീംകോടതി ഉത്തരവു പ്രകാരം ഇതുവരെ നഷ്ടപരിഹാരം അനുവദിച്ച മുഴുവൻ പേർക്കും 25 ലക്ഷം രൂപ വീതം നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. രേഖകൾ പരിശോധിച്ച് 13 ലക്ഷം രൂപ മുതൽ നൽകാനാണ് ആദ്യം ശുപാർശ ചെയ്തിരുന്നത്.

# കെട്ടിവയ്ക്കേണ്ട തുക നിശ്ചയിച്ചു

കെട്ടിട നിർമ്മാതാക്കൾ കെട്ടിവയ്ക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട 20 കോടി രൂപയിൽ ഓരോ നിർമ്മാതാവും നൽകേണ്ട തുകയും നിശ്ചയിച്ചു. ഫ്ളാറ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് തുക നിശ്ചയിച്ചത്.

നിർമ്മാതാവ്, ഫ്ളാറ്റ് എണ്ണം, തുക (ലക്ഷത്തിൽ)

അൽഫ സെറൈൻ : 73: 449.23

ഗോൾഡൻ കായലോരം : 40: 246.15

ജെയിൻ കോറൽ കോവ് : 122: 750.77

ഹോളി ഫെയ്‌ത്ത് എച്ച്.ടു.ഒ : 90: 553.85

ആകെ : 325: 2000