മൂവാറ്റുപുഴ: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷം വീടുകൾ ഒറ്റവീടുകളാക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ലക്ഷം വീടുകളിൽ താമസിക്കുന്നവരെ വാസയോഗ്യമുള്ള ഭവനമുണ്ടന്ന കാരണത്താൽ ലൈഫ് ഭവനപദ്ധതിയിൽ നിന്നും മാറ്റി നിർത്തുകയാണ്. ലക്ഷം വീട്പദ്ധതിയിൽ നിർമിച്ച വീടുകൾക്ക് 45 വർഷത്തോളം പഴക്കമുണ്ട്. അതുകൊണ്ട് തന്ന വീടുകളുടെ അവസ്ഥ ശോചനീയമാണ്. , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം വിനിയോഗിച്ച് ലക്ഷം വീടുകൾ നവീകരിക്കുകയോ, പുനർനിർമിക്കുകയോചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സബ്മിഷന് മറുപടിയായി പറഞ്ഞു. ശോച്യാവസ്ഥയിലുള്ള ഇരട്ട വീടുകൾ ഒറ്റവീടുകളാക്കുന്നതിന് ലൈഫ് ഭവനപദ്ധതിയ്ക്ക് മുടക്കം വരാത്ത വ്യവസ്ഥയിൽ സർക്കാർ അനുമതിയോടെ ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി ഏറ്റെടുക്കാവുന്നതാണന്നും മന്ത്രി അറിയിച്ചു.