മൂവാറ്റുപുഴ: കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എം.ജേക്കബിന്റെ എട്ടാം ചരമവാർഷികം 30 മുതൽ നവംബർ രണ്ട് വരെ വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിൻസന്റ് ജോസഫ് അറിയിച്ചു. 30ന് രാവിലെ ഏഴിന് ജില്ലയിലെ 150 കേന്ദ്രങ്ങളിൽ അദ്ദേഹത്തിന്റെ ഛായചിത്രത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തും. തുടർന്ന് രാവിലെ എട്ടിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കാക്കൂർ ആട്ടികുന്ന് പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും കുർബാനയും നടക്കും, ഉച്ചകഴിഞ്ഞ് മൂന്നിന് പിറവം കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്യും. അന്നേദിവസം ജില്ലയിലെ എട്ട് അനാഥാലയങ്ങളിൽ അരി, വസ്ത്രം, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്യും. 31 ന് കോതമംഗലം, ആലുവ, പറവൂർ, അങ്കമാലി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. നവംമ്പർ ഒന്നിന് ജില്ലാ തല അനുസ്മരണ സമ്മേളവും സെമിനാറും ഉച്ചകഴിഞ്ഞ് മൂന്നിന് ബി.ടി.എച്ച് ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അദ്ധ്യക്ഷത വഹിക്കും. രണ്ടിന് സംസ്ഥാനതല അനുസ്മരണം രാവിലെ 11 ന് കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.