paravur-upajilla-kalolsav
പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കംകുറിച്ച് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പുത്തൻവേലിക്കര വിവേകചന്ദ്രികസഭ ഹയർ സെക്കൻഡറി സ്കൂളിൽ പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. 70 വിദ്യാലയങ്ങളിൽ നിന്ന് മുവായിരത്തി അഞ്ഞൂറോളം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. ഏഴ് വേദികളിലാണ് മത്സരങ്ങൾ. രണ്ടാം ദിനമായ ഇന്ന് സംഘനൃത്തം, തിരുവാതിര എന്നിവ വേദി ഒന്നിൽ നടക്കും. അറബനമുട്ട്, ദഫ് മുട്ട്, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി എന്നിവ വേദി രണ്ടിലും ദേശഭക്തിഗാനം, ലളിതഗാനം എന്നിവ വേദി മൂന്നിലും പ്രസംഗം, പദ്യം ചൊല്ലൽ എന്നിവ വേദി നാലിലും നടക്കും. കഥാകഥനം, പ്രഭാഷണം, ചമ്പുപ്രഭാഷണം, അഷ്ടപദി, പാഠകം എന്നിവ വേദി അഞ്ചിലും മാപ്പിളപ്പാട് വേദി ആറിലും അഭിനയഗാനം, കടങ്കഥ, പ്രസംഗം എന്നിവ വേദി ഏഴിലും നടക്കും.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ എല്ലാ വേദികളിലും വെബ് കാമറ സ്ഥാപിച്ചു മത്സരങ്ങൾ റെക്കാഡ് ചെയ്യുന്നുണ്ട്. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കലാമേളയുടെ ഉദ്ഘാടനം നടി സുബി സുരേഷ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. ഷൈല അദ്ധ്യക്ഷത വഹിച്ചു.

എ.ഇ.ഒ കെ.എൻ. ലത, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു, ഷീന സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ ജയ് മാത്യു, പ്രധാനാദ്ധ്യാപിക എൻ. സുജ തുടങ്ങിയവർ സംസാരിച്ചു.

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയാണ് ഇത്തവണ ഉപജില്ല സ്കൂൾ കലോത്സവം നടത്തുന്നത്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി. തുണിയും പേപ്പറുമാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ഓല മെടഞ്ഞ് അതിൽ ബാനറുകൾ എഴുതിയിട്ടുണ്ട്. സ്റ്റീൽ പാത്രം, സ്റ്റീൽ ഗ്ലാസ് എന്നിവയാണ് ഭക്ഷണത്തിന് ഉപയോഗിക്കുക. ഭക്ഷ്യാവശിഷ്ടം ജൈവവളമാക്കി മാറ്റുന്നുണ്ട്. ഉദ്ഘാടനത്തിനെത്തിയ വിശിഷ്ടാതിഥികൾക്കു പൂച്ചെടികൾ മുളയിൽ വച്ചു നൽകി. അവ താഴഞ്ചിറ പാടത്തു നട്ടുപിടിപ്പിക്കും. കടലാസും കുപ്പികളുമടക്കമുള്ള മാലിന്യങ്ങൾ ഇടുന്നതിനായി പേപ്പർ, ഓല എന്നിവ കൊണ്ടു വിദ്യാർത്ഥികൾ നിർമിച്ച കുട്ടകൾ വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകേരള മിഷൻ, ആരോഗ്യവകുപ്പ്, തുരുത്തിക്കര സയൻസ് സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്.