കൊച്ചി: വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കും. വ്യാപാരമേഖയെ രക്ഷിക്കാൻ ആവശ്യമായ ഉത്തേജന മാർഗങ്ങൾ പ്രഖ്യാപിക്കുക, കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ സ്ഥാപനങ്ങളിൽ വെള്ളംകയറി ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ള വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ഉന്നയിച്ചു. സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് വി.എ. യൂസഫ്, ജനറൽ സെക്രട്ടറി കെ.എം.മുഹമ്മദ് സഗീർ എന്നിവർ അറിയിച്ചു.