കൊച്ചി: തലശേരിയിലെ ഫസൽ വധക്കേസിൽ കുറ്റാരോപിതരായി ദീർഘകാലം ജയിൽവാസമനുഭവിച്ചശേഷം എറണാകുളം ജില്ല വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥയുടെ മറവിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കരുതെന്ന് പ്രൊഫ.എം.കെ. സാനു ആവശ്യപ്പെട്ടു.
ചെയ്യാത്ത കുറ്റത്തിന് ജയിൽവാസം അനുഭവിക്കുകയും ജാമ്യം ലഭിച്ചശേഷം കഴിഞ്ഞ ഏഴര വർഷമായി എറണാകുളം ജില്ലയിൽ നിന്നും പുറത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഫസൽ വധക്കേസിലെ യഥാർത്ഥ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടും അന്വേഷിക്കാൻ സി.ബി.ഐ തയ്യാറാകാത്തത് മനുഷ്യത്വമില്ലായ്മയും നീതിരഹിതവുമാണ്. ഏഴര വർഷമായി ജില്ല വിട്ട് പുറത്ത് പോകാൻ അനുവദിക്കാത്തത് മനുഷ്യവാകാശപ്രശ്‌നം തന്നെയാണ്. നാട് കടത്തൽ എന്ന പ്രാകൃതരീതിയുടെ ആവർത്തനമാണ്. ഗൃഹനാഥനായ പൊതുപ്രവർത്തകൻ ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വങ്ങളും കടമകളും നിർവഹിക്കാൻ കഴിയുന്നില്ല. യഥാർത്ഥ പ്രതികൾ കുറ്റസമ്മതം നടത്തിയതിന്റെ വീഡിയോ പൊലീസ് മേധാവി സി.ബി.ഐക്ക് കൈമാറിയിട്ട് 2 വർഷത്തിലധികമായി. കാരായിമാരോട് നീതിനിഷേധമാണ് കാട്ടിയത്. ഇനിയും തുടരാൻ അനുവദിക്കാതെ നീതിന്യായ സംവിധാനങ്ങളും പൊതുസമൂഹവും ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.