കൊച്ചി : മരട് ഫ്ളാറ്റ് തട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും ബിൽഡിംഗ് ആർക്കിടെക്ടുമായ ഗിരിനഗർ സ്വദേശി കെ.സി. ജോർജിന്റെ (62) മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഒക്ടോബർ 30 ന് വിധി പറയാൻ മാറ്റി. തീരപരിപാലന നിയമം ലംഘിച്ച് ഫ്ളാറ്റ് നിർമ്മിച്ചുവിറ്റ് തട്ടിപ്പുനടത്തിയെന്നാരോപിച്ച് ആൽഫ വെഞ്ച്വേഴ്സ് ഡയറക്ടർ പോൾരാജിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഇന്നലെ വാദം പൂർത്തിയായതിനെത്തുടർന്നാണ് കോടതി ഹർജി വിധി പറയാൻ മാറ്റിയത്. നേരത്തെ പോൾരാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ഇയാൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങിയിരുന്നു.
ഫ്ളാറ്റിന്റെ രൂപരേഖയിലും തട്ടിപ്പെന്ന് പ്രോസിക്യൂഷൻ
മരടിലെ ഫ്ളാറ്റ് തട്ടിപ്പുകേസിൽ അഞ്ചാംപ്രതിയായ ആർക്കിടെക്ട് വസ്തുതകൾ മറച്ചുവെന്ന് തട്ടിപ്പിനു കൂട്ടുനിന്നെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആൽഫ വെഞ്ച്വേഴ്സ് നിർമ്മിച്ച ഫ്ളാറ്റിന്റെ രൂപരേഖയിൽ വേമ്പനാട് കായൽ അടയാളപ്പെടുത്തിയിട്ടില്ല. തീരപരിപാലനനിയമം ലംഘിച്ചാണ് ഫ്ളാറ്റ് നിർമ്മിച്ചതെന്ന് ഇവ വാങ്ങുന്ന ഇടപാടുകാർ അറിയാതിരിക്കാനാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 17 സെന്റോളം പുറമ്പോക്ക് ഭൂമിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റ് നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ തട്ടിപ്പിനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണിതെല്ലാമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.