മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിൽഎൽ.ഡി.എഫിലെ ആമിന മുഹമ്മദ് റാഫി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സനായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.. മുസ്ലിം ലീഗിലെ ഭിന്നതയെ തുടർന്ന് ലീഗ് അംഗം സുറുമി ഉമ്മർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം രാജിവെച്ചതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ്അട്ടിമറി വിജയം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ലീഗ് അംഗങ്ങൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നതോടെ മാസങ്ങളായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പ്രവർത്തനം അവതാളത്തിലായിരുന്നു. ഇതേതുടർന്ന് എൽ.ഡി.എഫ് അംഗങ്ങളായ കെ.ഇ.ഷിഹാബ്, ആമിന മുഹമ്മദ് റാഫി എന്നിവർചെയർപേഴ്‌സനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. എന്നാൽ സുറുമി ഉമ്മർ അവിശ്വാസ ചർച്ചയ്ക്ക് തൊട്ടുമുമ്പായിരാജിവച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് രണ്ട് അംഗങ്ങളും, യു.ഡി.എഫിന് ലീഗിലെ മൂന്ന് അംഗങ്ങളും അടക്കം അഞ്ച് അംഗങ്ങളാണുള്ളത്. ഗ്രാമപഞ്ചായത്തിൽ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 25ലക്ഷം രൂപ വിനിയോഗിക്കാൻകഴിയാത്ത അവസ്ഥയായിരുന്നു. . സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് രണ്ട് അംഗങ്ങളായ സൈനബ കൊച്ചക്കോനും, സീനത്ത് അസീസും തിരഞ്ഞെടുപ്പിനെത്തിയില്ല. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒമ്പത് അംഗങ്ങളും, യു.ഡി.എഫിന് 13 അംഗങ്ങളുമാണുള്ളത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം മുസ്ലിം ലീഗിലെ സുറുമി ഉമ്മറിനും, സീനത്ത് അസീസിനും രണ്ടര വർഷം വീതം നൽകാനായിരുന്നു ധാരണ. എന്നാൽ ധാരണ ലംഘിച്ച് സുറുമി ഉമ്മർ രാജിവയ്ക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. പായിപ്ര ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ നിന്നും വിജയിച്ച ആമിന മുഹമ്മദ് റാഫി സി.പി.ഐ പായിപ്ര ലോക്കൽ കമ്മിറ്റി അംഗമാണ്. ആമിന മുഹമ്മദ് റാഫിയ്ക്ക് പ്രതിപക്ഷ നേതാവ് വി.എച്ച്.ഷഫീഖിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.