പള്ളുരുത്തി: സി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ.ശ്രീകുമാറിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി പൊലീസിനു മുന്നിൽ കീഴടങ്ങി. കുമ്പളങ്ങി പൂപ്പനക്കുന്നിനു സമീപം കണ്ണങ്കേരിൽ വീട്ടിൽ വിൽഫ്രഡ് (54) ആണ് പള്ളുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ മുമ്പാകെ കീഴടങ്ങിയത്. സെപ്തംബർ 16നാണ് സംഭവം.വിൽഫ്രഡിന്റെ മകൻ ആൽഫ്രഡ് സഹോദരിയുടെ മകളെ ശല്യം ചെയ്തത് ശ്രീകുമാർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി മകനേയും കൂട്ടി ശ്രീകുമാറിന്റെ കുമ്പളങ്ങി വഴിയിലുള്ള വീട്ടിലെത്തി സംസാരിക്കുന്നതിനിടയിൽ ആക്രമിക്കുകയായിരുന്നു. വയറിനും മുതുകിലും കുത്തേറ്റ ശ്രീകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ വിൽഫ്രഡിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് പൊലീസിനു മുന്നിൽ കീഴടങ്ങിയത്. വിൽഫ്രഡിന്റെ മകൻ ആൽഫ്രഡിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.