railway
ആലുവ റെയിൽവെ ഗുഡ്‌ഷെഡ്

ആലുവ: റെയിൽവേ ഗുഡ്‌ഷെഡിലെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ റെയിൽവെ തെറ്റിദ്ധരിപ്പിച്ചതായി പരാതി. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതിയാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന് പരാതി നൽകിയത്.

ഗുഡ്‌സ് ഷെഡിലെ വാഗണിൽ വരുന്ന സിമന്റ് ഗുഡ്‌സ് വാഹനങ്ങളിലും ഗുഡ്‌സ്ഷെഡിലും കയറ്റിയിറക്കുമ്പോൾ മലിനീകരണം ഉണ്ടാക്കുന്നതിനെതിരെ പൗരാവകാശ സംരക്ഷണസമിതി നേരത്തെ കമ്മീഷന് പരാതി നൽകിയിരുന്നു. കമ്മീഷൻ ആവശ്യപ്പെട്ടത് പ്രകാരം റെയിൽവെ നൽകിയ മറുപടി തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നാണ് ആരോപണം.

ഗുഡ്ഷെഡിലെ മലീനീകരണത്തിനെതിരെ റെയിൽവെ നടപടി സ്വീകരിക്കാത്തതിനാൽ പരിസരവാസികൾക്ക് ആസ് തമപോലുള്ള രോഗങ്ങൾ ഉണ്ടാവുന്നതായും സമിതി നൽകിയ വിശദീകരണത്തിൽ പറയുന്നു. വീടുകളുടെ വാതിലുകളും ജനാലകളും തുറക്കാനാകുന്നില്ല. സമീപം ഗവ.ബോയ്‌സ് എച്ച്.എസ്. സ്‌കൂളും, എസ്.എൻ.ഡി.പി.എച്ച്.എസ്. സ്‌കൂളും പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് പോലും രോഗങ്ങളും അലർജിയും മൂലം പഠിക്കുവാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നതായും ബോധിപ്പിച്ചു. സിവിൽ സ്റ്റേഷനും എക്സൈസ് ഓഫീസും ഗുഡ്ഷെഡിനോട് തൊട്ടുചേർന്നാണ്. കമ്മീഷന്റെ നിർദ്ദേഷപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ മലിനീകരണം കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പും മലിനീകരണം ഉണ്ടെന്നും ജനങ്ങൾക്ക് മാരകമായ രോഗങ്ങൾ ഉണ്ടാവാനുള്ള സാദ്ധ്യതയും സ്ഥിരീകരിച്ചിട്ടുള്ളതാണ്.

ഈ സാഹചര്യത്തിൽ കമ്മീഷൻ നേരിട്ടെത്തി ഈ മലിനീകരണം സംബന്ധിച്ച് പരിശോധന നടത്തണമെന്ന് സെക്രട്ടറി സാബു പരിയാരത്ത് കമ്മീഷന് നൽകിയ പരാതിയിൽ അഭ്യർത്ഥിച്ചു.