കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് പുന:പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം. മൂത്ത പെൺകുട്ടി ആത്മഹത്യചെയ്ത ദിവസം അപരിചിതരായവരെ കണ്ടുവെന്ന് പിന്നീട് മരിച്ച ഇളയകുട്ടി മൊഴി പൊലീസിന് മൊഴി നൽകിയിരുന്നു. കേസ് അന്വേഷണം നടത്തിയ അന്വേഷണസംഘം മേലുദ്യോഗസ്ഥകർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ച് പോകുന്നതല്ലാതെ കാര്യമായ അന്വേഷണം ഇത് സംബന്ധിച്ചുണ്ടായിട്ടില്ല. പിന്നീട് രണ്ടാമത്തെ കുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടും പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചു. ആദ്യമരണത്തിലെ പ്രധാന സാക്ഷിയാണ് രണ്ടാമത്തെ കുട്ടി. എന്നിട്ടും കുട്ടിക്ക് സംരക്ഷണം നൽകുവാനോ സംരക്ഷിക്കുവാനോ പൊലീസ് തയ്യാറായില്ല. ഒമ്പത് വയസുള്ള കുട്ടി വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് വിശ്വസിക്കുക പ്രയാസമാണ്.

ലഭിച്ച തെളിവുകളെല്ലാം കൊലപാതക സൂചനയിലേക്കാണ് നയിച്ചത്. നിലവിൽ അന്വേഷണം അട്ടിമറിച്ചതായി വ്യക്തമാണ്. സ്ഥലത്തെ പ്രാദേശിക സി.പി.എം നേതാക്കൾ ഉൾപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടലുണ്ടായി. പാലക്കാട്ടെ മുൻ എം.പി എം.ബി. രാജേഷ് വിഷയത്തിൽ മൗനം തുടരുകയാണ്. കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. കുറ്റവാളികളെ അറസ്‌റ് ചെയ്യുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും സന്ദീപ് പറഞ്ഞു.