തൃപ്പൂണിത്തുറ:കൊച്ചി നഗരത്തെ ഭീതിയിലാക്കിയ തൃപ്പൂണിത്തുറ, പുല്ലേപ്പടി കവർച്ചകൾ നടത്തിയ 14 അംഗ ബംഗ്ലാദേശി സംഘത്തിലെ ഏഴാം പ്രതി മാണിക്കും (35), എട്ടാം പ്രതി എട്ടാം പ്രതി അലങ്കീറും പൊലീസ് വലയിലായി. ഇന്ന് തൃപ്പൂണിത്തുറ എരൂർ എസ്.എം.പി കോളനിയിൽ നന്നപ്പള്ളി വീട്ടിൽ മാണിക്കിനെ തെളിവെടുപ്പിനായി കൊണ്ട് പോകും.

ബംഗ്ളാദേശിൽ നിന്ന് മാണിക് ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടർന്ന് തൃപ്പൂണിത്തുറ പൊലീസ് ഡൽഹി ക്രൈംബ്രാഞ്ച് വഴിയാണ് ഇയാളെ കുടുക്കിയത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴായി. അലങ്കീറിനെ ഉടൻ തന്നെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതി അക്രം (31), മൂന്നാം പ്രതി ഷെഹ്സാദ് (32), മറ്റ് പ്രതികളായ അർഷാദ് (23), റോണി ഷെയ്ക്ക് (19), സലിം (41), മുഹമ്മദ് ഹാറൂൺ (47) എന്നിവർ നേരത്തെ പിടിയിലായിരുന്നു.

എരൂർ എസ് എം പി കോളനിയിലും, എറണാകുളം പുല്ലേപ്പടിയിലെയും ഗൃഹനാഥനെയും കുടുംബത്തെയും ബംഗളൂരുവിൽ ഡോക്ടർ ദമ്പതികളെയും കെട്ടിയിട്ട് കവർച്ച നടത്തിയത് ഇവരാണ്. ബംഗളൂരുവിലെ കൊലപാതക കേസുൾപ്പടെ ഇന്ത്യയിൽ നിരവധി കേസുകളിൽ ബംഗ്ലാദേശികളായ പതിനാലംഗ സംഘം ഉൾപ്പെട്ടിട്ടുണ്ട്.

തൃപ്പൂണിത്തുറ സി.ഐ രാജ്കുമാർ, എസ്.ഐ രാജേഷ് ,സി.പി.ഒ ഡിനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ ഡൽഹി പൊലീസിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്.

തൃപ്പൂണിത്തുറ എരൂർ എസ് എം പി കോളനി റോഡിൽ 2017 ഡിസംബർ 16 നു വെളുപ്പിനാണ് സംഘം ആനന്ദകുമാർ (49 ),ഭാര്യ ഷാരി (46), അമ്മ സ്വർണമ്മ ( 72), മക്കൾ ദീപക് , രൂപക്‌ എന്നിവരെ കെട്ടിയിട്ട് കവർച്ച നടത്തിയത്.