കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാനയിൽ വീണ് വീട്ടമ്മ മരിച്ചു. ഇടപ്പള്ളി ചേരാനെല്ലൂർ തൈക്കാവിന് സമീപം വലിയ പറമ്പിൽ വി.കെ ഉമ്മറിന്റെ ഭാര്യ സാജിദ ഉമ്മർ (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മരുമകൻ നസീറിനെ ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 ഓടെ വൈറ്റില ഗോൾഡ് സൂക്കിന് സമീപമായിരുന്നു അപകടം.
ഉംറ നിർവഹിച്ച് മടങ്ങിയെത്തിയ മൂത്ത മകൾ സജീനയെയും ഇവരുടെ ഭർത്താവ് നസീറിനെയും കാണാൻ അരൂരിലേക്ക് പോയി മടങ്ങുകയായിരുന്നു. നസീറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗോൾഡ് സൂക്കിന് സമീപമുള്ള പാലം ഇറങ്ങിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുള്ള മരത്തിൽ ഇടിച്ച് കാനയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടനെ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സാജിദയുടെ മറ്റു മക്കൾ: സബീന, സനീജ, ഷഹാസ്. മരുമക്കൾ: ജമാൽ, മനാഫ്, നജീല. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചേരാനെല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.