കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ പരിശോധിച്ച് ചെന്നൈ ഐ.ഐ.ടിയും ഡോ. ഇ. ശ്രീധരനും സമർപ്പിച്ച റിപ്പോർട്ടുകളും സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ദ്ധസമിതി ഒക്ടോബർ നാലിന് നൽകിയ റിപ്പോർട്ടും ഹാജരാക്കാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് സ്ട്രക്ചറൽ ആൻഡ് ജിയോടെക്നിക്കൽ കൺസൾട്ടിംഗ് എൻജിനിയേഴ്സ് ഹൈക്കോടതിയിൽ ഉപഹർജി നൽകി. പാലാരിവട്ടം ഫ്ളൈഒാവർ പൊളിച്ചുപണിയുന്നതിനു മുമ്പ് മേൽപാലത്തിന്റെ ശക്തി ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് (ഭാരപരിശോധന) നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജിയിലാണ് ഇൗ സംഘടന ഉപഹർജി നൽകിയിട്ടുള്ളത്.

നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി ഫ്ളൈഒാവർ പൊളിക്കും മുമ്പ് ഉചിതമായ ഏജൻസിയെക്കൊണ്ട് ഭാരപരിശോധന സർക്കാർ നടത്തുന്നുണ്ടോയെന്ന് അറിയിക്കാൻ നിർദ്ദേശിച്ചിരുന്നു. ഫ്ളൈഒാവർ ബലപ്പെടുത്തുന്ന നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനായി ദേശീയപാത ചീഫ് എൻജിനിയർ കൺവീനറായ സമിതിക്ക് സർക്കാർ രൂപം നൽകിയിരുന്നു. എന്നാൽ സ്ട്രക്ചറൽ ഡിസൈൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി കമ്മിറ്റിയിലില്ലെന്ന് കണ്ടതോടെ സെപ്തംബർ 28ന് ഇൗ വിഭാഗത്തിൽ നിന്നുള്ള രണ്ടുപേരെ കൂടി ഉൾപ്പെടുത്തി സമിതി പുന:സംഘടിപ്പിച്ചു. ഇൗ സമിതി ഒക്ടോബർ നാലിന് മുമ്പ് റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ പുതുതായി സമിതിയിലുൾപ്പെട്ടവർ ഫ്ളൈഒാവർ പരിശോധിച്ചില്ലെന്നും വെറും അഞ്ചുദിവസം മാത്രമാണ് ഇവർക്ക് റിപ്പോർട്ട് തയ്യാറാക്കാൻ ലഭിച്ചതെന്നും ഉപഹർജിയിൽ ആരോപിക്കുന്നു. പാലാരിവട്ടം ഫ്ളൈഒാവറിന്റെ പണികൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരൻ സെപ്തംബർ 19 ന് സർക്കാരിന് കത്തുനൽകിയത് നിയമപരമല്ലെന്നും ഇൗ കത്ത് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ഉപഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈ ഐ.ഐ.ടി നൽകിയ അന്തിമറിപ്പോർട്ടിൽ 7.31 കോടി രൂപ ചെലവിൽ ഫ്ളൈഒാവർ അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്താമെന്ന് പറയുന്നുണ്ട്. ഇതു കണക്കുകുറച്ചു കാട്ടിയതാകുമെന്നാണ് ഇ. ശ്രീധരന്റെ മറുപടി. രാജ്യത്തെ പ്രധാന സ്ഥാപനമായ ചെന്നൈ ഐ.ഐ.ടിയുടെ നിഗമനം ശരിയല്ലെന്ന് ഇ. ശ്രീധരൻ പറയുന്നതിന് അടിസ്ഥാനമില്ലെന്നും ഉപഹർജിയിൽ പറയുന്നു.