കൊച്ചി : ഇന്റർനെറ്റും മൊബൈൽഫോണും വ്യാപകമായതോടെ അഭ്യസ്തവിദ്യരായ മലയാളികൾ ജീവിതപങ്കാളികളെ തിരയുന്നത് ഓൺലൈനിൽ. വിദേശത്ത് താമസം ഉറപ്പിച്ചവരോടാണ് കൂടുതൽ താത്പര്യം. യു.എ.ഇ., യു.എസ്.എ, കാനഡ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ താമസിക്കുന്നവർക്കാണ് ഏറ്റവും പ്രിയം.

സ്വകാര്യ ഓൺലൈൻ സ്ഥാപനം നടത്തിയ സർവേയിലാണ് പ്രവണതകൾ വ്യക്തമായത്. ഒരു ലക്ഷത്തിലേറെ മലയാളികളാണ് ഓൺലൈൻ മാട്രിമോണികളിൽ രജിസ്റ്റർ ചെയ്ത് പങ്കാളികളെ കാത്തിരിക്കുന്നത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവരിൽ 30 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരുമാണ്. പുരുഷൻമാരുടെ ശരാശരി പ്രായം 29 ഉം സ്ത്രീകളുടെത് 25 വയസുമാണ്. അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, യു.എസ്., യു.കെ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളാണ് കൂടുതലും ഓൺലൈനിൽ പങ്കാളികളെ തേടുന്നത്. 53 ശതമാനം പേർക്കും വിദേശത്ത് താമസിക്കുന്നവരെ മതി.

ജാതി പ്രശ്നമല്ലാത്തവരാണ് 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും. 39 ശതമാനം സ്ത്രീകൾ എൻജിനിയറിംഗ്, മാനേജ്‌മെന്റ്, മെഡിസിൻ എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ള പങ്കാളികളെയാണ് ഇഷ്ടപ്പെടുന്നത്. കൊമേഴ്‌സ്, ആർട്‌സ്, സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയ സ്ത്രീകളെയാണ് പുരുഷന്മാർ തേടുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കൊല്ലം നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്‌റ്റർ ചെയ്യുന്നത്.
82 ശതമാനവും മൊബൈൽഫോൺ ഉപയോഗിച്ചാണ് ജീവിതപങ്കാളിയെ കണ്ടെത്തിയത്.

അഭിരുചികൾ മാറുന്നു
മലയാളികളുടെ അഭിരുചികൾ മാറുകയാണ്. അവ തിരിച്ചറിഞ്ഞ് ഉത്തമ പങ്കാളികളെ കണ്ടെത്താൻ കഴിയുന്നതിനാലാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് വർദ്ധിക്കുന്നത്.

മുരുഗവേൽ ജാനകിരാമൻ

സി.ഇ.ഒ., ഫൗണ്ടർ

കേരളമാട്രിമോണി.കോം