പറവൂർ: ദേശീയപാത പറവൂർ - കെടുങ്ങല്ലൂർ റോഡിൽ ചിറ്റാറ്റുകര ജുമാ മസ്ജിദിന് മുന്നിൽ ശുദ്ധജല പൈപ്പുപൊട്ടി രൂപംകൊണ്ട കുഴി അപകടക്കെണിയാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് ബൈക്കുകൾ ഈ കുഴിയിൽ ചാടി മറിഞ്ഞു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ ബൈക്കിലിടിച്ചു ബൈക്ക് മറിഞ്ഞു കൊടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളും മകളും വീണ് പരിക്കേറ്റിരുന്നു. ഒരാഴ്ചയ്ക്കു മുമ്പായിരുന്നു ഈ അപകടം.
അപകടങ്ങൾ കൂടിയതോടെ നാട്ടുകാർ കുഴിക്കരികെ ചുവപ്പടയാളം വെച്ച് യാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകിയിരിക്കയാണ്. ചോർച്ച പരിഹരിച്ചു കുഴി മൂടിയില്ലെങ്കിൽ വഴിതടയൽ അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് മുസ്ലിംലീഗ് നേതാക്കളായ കെ.കെ. അബ്ദുള്ള, എം.ബി. സലീം എന്നിവർ പറഞ്ഞു.
#പരാതി നൽകിയിട്ടും പരിഹാരമില്ല
ഒരു മാസത്തോളമായി ഇവിടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട്. കഴിഞ്ഞ പത്താം തീയതി ഇത് സംബന്ധിച്ച് ആളംന്തുരുത്തിലുള്ള വാട്ടർ അതോറിട്ടി ഓഫീസിലെത്തി രേഖാമൂലം പരാതി നൽകിയിരുന്നു. മൂന്നാഴ്ച പിന്നിട്ടിട്ടും പൈപ്പ് ചോർച്ച പരിഹരിക്കാൻ ഒരു നടപടിയുണ്ടായില്ല.
#മുടന്തൻ മറുപടിയുമായി അധികൃതർ
ഇവിടെയുള്ള 400 എം.എം പ്രിമോ പൈപ്പായതിനാൽ അനുബന്ധ ഉപകരണങ്ങൾ ഡിപ്പാർട്ട്മെൻറ്റിൽ സ്റ്റോക്ക് ഇല്ലെന്നും അതെത്തിയാൽ പ്രശ്നം പരിഹരിക്കുമെന്നുമാണ് അധികൃതരുടെ മറുപടി.