mela
മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ രാജലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഗീത നിശ മൂവാറ്റുപുഴ മേളയിൽ അരങ്ങേറിയപ്പോൾ

മൂവാറ്റുപുഴ: ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലെ കൃത്യതയും അതിനെ ശരിവയ്ക്കുന്ന പ്രകടനവും കൊണ്ട് മികച്ചതായിരുന്നു മൗനം പോലും മധുരം എന്ന പേരിൽ മേള ഫൈൻ ആർട്ട്‌സ് സൊസൈറ്റി ഒരുക്കിയ സംഗീത നിശ. കേൾക്കാനാഗ്രഹിക്കുന്ന മെലഡി ഗാനങ്ങൾ ഒന്നിന് പിറകേ ഒന്നായി ഒഴുകിയെത്തിയപ്പോൾ കലവറയില്ലാത്ത പിന്തുണയാണ് പ്രേക്ഷകപക്ഷത്ത് നിന്നും ലഭിച്ചത്. ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ ഒന്നൊഴിയാതെ, ഒരു പല്ലവിയെങ്കിലും പാടിയാണ് ഗായകസംഘം പിൻവാങ്ങിയത്. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഗായിക രാജലക്ഷ്മിയുടെ നേതൃത്വത്തിലാണ് സംഗീത നിശ ജൂബിലി വർഷത്തെ ആദ്യപരിപാടിയായി മേള ഒരുക്കിയത്. ഭാവസമ്പുഷ്ടവും ശബ്ദസൗകുമാര്യവും കൊണ്ട് രാജലക്ഷ്മി സദസ്സിനെ പിടിച്ചിരുത്തി. അനുഭവപരിചയം കൊണ്ട് ഇരുത്തം വന്ന പ്രകടനമായിരുന്നു പിന്നണി ഗായകൻ രവിശങ്കറിന്റേതെങ്കിൽ, അയത്‌നലളിതവും സൂക്ഷ്മവുമായിരുന്നു പുതിയ തലമുറയിലെ ഗായകൻ അഭിലാഷ് വെങ്കിടാചലത്തിന്റേത്. മേള പ്രസിഡന്റ് മോഹൻദാസ് എസ്. കലാകാരന്മാരെ സദസിന് പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് വി. എ. കുഞ്ഞുമൈതീൻ, ട്രഷറാർ സുർജിത് എസ്‌തോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. അജിത് എം. എസ്.കമ്മിറ്റിയംഗങ്ങളായ ടി. പി. ജിജി, പി. രഞ്ജിത് കല്ലൂർ, ഡി. കെ. എസ്. കർത്താ, അഡ്വ. ജോണി ജോർജ്ജ് എന്നിവർ പങ്കെടുത്തു. നവംബർ 12ന് കേരള സംഗീത നാടക അക്കാഡമിയുമായി സഹകരിച്ച് പുനസൃഷ്ടി എന്ന നാടകവും 14ന് ശിശുദിന ചിത്രരചനാ മത്സരവും നടക്കും.